ഭരണകൂടത്തിനെതിരെ ചോദ്യം ഉയര്‍ത്തുന്നവരെല്ലാം രാജ്യദ്രോഹികളാണെന്ന വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ കൊലപ്പെടുത്തുകയെന്ന രാഷ്ട്രീയത്തിന്‍റെ ഭാഗമാണ് തനിക്കെതിരായ ആക്രമണമെന്നും ഖാലിദ് പറഞ്ഞു

ദില്ലി: 'ആ തോക്ക് എന്‍റെ നേരെ ചൂണ്ടിയപ്പോള്‍ ഒരു നിമിഷം ഞെട്ടിപ്പോയി. ഗൗരി ലങ്കേഷിന്‍റെ ചേതനയറ്റ ശരീരമായിരുന്നു പെട്ടന്ന് മനസ്സിലേക്ക് കടന്നു വന്നത്. കൊല്ലപ്പെടാനുള്ള സമയമായെന്ന് ഞാന്‍ ഉറപ്പിച്ചു. കൊലയാളിയുടെ കയ്യില്‍ നിന്ന് എന്‍റെ ജീവന്‍ രക്ഷിച്ച സുഹൃത്തുക്കളോട് അടങ്ങാത്ത നന്ദിയുണ്ട്' രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയില്‍ നടന്ന പരിപാടിക്കിടെയുണ്ടായ വധ ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ശേഷമുള്ള ഉമര്‍ ഖാലിദിന്‍റെ ആദ്യ പ്രതികരണം ഇതായിരുന്നു.

വെറുപ്പിന്‍റെ രാഷ്ട്രീയം പടര്‍ത്തുന്നവര്‍ രണ്ട് വര്‍ഷത്തിലധികമായി നടത്തുന്ന തെറ്റായ സന്ദേശത്തിന്‍റെയും പ്രൊപ്പഗാന്‍ഡയുടെയും പരിണിത ഫലം മാത്രമാണ് ഇത്തരം ആക്രമണങ്ങള്‍. ഭരണകൂടത്തിനെതിരെ ചോദ്യം ഉയര്‍ത്തുന്നവരെല്ലാം രാജ്യദ്രോഹികളാണെന്ന വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ കൊലപ്പെടുത്തുകയെന്ന രാഷ്ട്രീയത്തിന്‍റെ ഭാഗമാണ് തനിക്കെതിരായ ആക്രമണമെന്നും ഖാലിദ് പറഞ്ഞു. ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം എന്ന് അറിയാമായിരുന്നെന്നും അത്ഭുതവും ആശ്ചര്യവും തോന്നുന്നില്ലെന്നും ഉമര്‍ ഖാലിദ് കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു സ്വാതന്ത്ര്യ ദിനാഘോഷത്തിന് രണ്ടു ദിവസം മുമ്പ്, ദില്ലിയിലെ അതീവ സുരക്ഷാ മേഖലയില്‍, ജെഎന്‍യു സമരനേതാവ് ഉമര്‍ ഖാലിദിന് നേരെ നടന്ന വധശ്രമം. ദില്ലി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിനു പുറത്തുവെച്ചാണ് അജ്ഞാതന്‍ ഉമര്‍ഖാലിദിന് നേരെ വെടിയുതിര്‍ത്തത്. എന്നാല്‍ ഉമര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വെടിയുതിര്‍ത്ത ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് തോക്ക് കണ്ടെടുത്തു.