ഉംറ സര്‍വീസ് ഏജന്‍സികള്‍ക്ക് ഒന്നിലധികം ഉംറ വിസ അനുവദിക്കാന്‍ സൗദി ഹജ്ജ് ഉംറ മന്ത്രാലയം തീരുമാനിച്ചു. മൂന്നു ഗ്രൂപ്പ് ലീഡര്‍മാര്‍ക്കാണ് വിസ അനുവദിക്കുക. ഒരു ഉംറ സീസണ്‍ ആയിരിക്കും വിസയുടെ കാലാവധി.

ഈ വര്‍ഷം മുതല്‍ ആവര്‍ത്തിച്ചു ഉംറ നിര്‍വഹിക്കുന്നവര്‍ രണ്ടായിരം റിയാല്‍ ഫീസ്‌ അടയ്ക്കണമെന്ന നിയമം ഉംറ സര്‍വീസ് ഏജന്‍സികള്‍ക്ക് സാമ്പത്തിക പ്രയാസം ഉണ്ടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഉംറ സംഘത്തോടൊപ്പം വരുന്ന ഗ്രൂപ്പ് ലീഡര്‍മാരും സഹായികളും ഫീസ്‌ അടയ്ക്കേണ്ടി വരും. ഈ ഫീസും തീര്‍ഥാടകരില്‍ നിന്നാണ് ഇപ്പോള്‍ ഏജന്റുമാര്‍ ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് വിദേശത്തുള്ള സര്‍വീസ് ഏജന്‍സികള്‍ക്ക് മള്‍ട്ടിപ്പ്ള്‍ ഉംറ വിസ അനുവദിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതുപ്രകാരം മള്‍ട്ടിപ്പ്ള്‍ വിസയുള്ളവര്‍ക്ക് ഒരു ഉംറ സീസണില്‍ എത്ര തവണ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം. ഒരു സര്‍വീസ് ഏജന്‍സിയില്‍ നിന്ന് പരമാവധി മൂന്നു പേര്‍ക്ക് മാത്രമേ മള്‍ട്ടിപ്പ്ള്‍ ഉംറ വിസ അനുവദിക്കുകയുള്ളൂ. ഇവരുടെ പേരു വിവരങ്ങള്‍ നേരത്തെ അധികൃതര്‍ക്ക് നല്‍കണം. മള്‍ട്ടിപ്പ്ള്‍ വിസ അടിച്ചു കഴിഞ്ഞാല്‍ അത് മറ്റുള്ളവരുടെ പേരിലേക്ക് മാറ്റാന്‍ കഴിയില്ല. വിസയടിക്കേണ്ട മൂന്നാളുകളുടെ പേര് വിവരങ്ങള്‍ ആവശ്യപ്പെട്ടു കേരളത്തിലെ പല ഏജന്‍സികള്‍ക്കും സൗദിയിലെ സര്‍വീസ് ഏജന്‍സികളില്‍ നിന്നും കത്ത് കിട്ടി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഉംറ നിര്‍വഹിച്ചവര്‍ ആവര്‍ത്തിച്ചു ഉംറ നിര്‍വഹിക്കുമ്പോള്‍ രണ്ടായിരം റിയാല്‍ ഫീസ്‌ ഈടാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത് ഈ വര്‍ഷം മുതല്‍ ആവര്‍ത്തിച്ചു ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് മാത്രമാക്കിയത് ഏതാനും ദിവസം മുമ്പാണ്. ഗ്രൂപ്പ് ലീഡര്‍മാര്‍ക്ക് മള്‍ട്ടിപ്പ്ള്‍ ഉംറ വിസ അടിക്കുക കൂടി ചെയ്യുന്നതോടെ ഗ്രൂപ്പുകള്‍ തീര്‍ഥാടകരില്‍ നിന്ന് ഈയിനത്തില്‍ ഈടാക്കിയിരുന്ന അധിക ചാര്‍ജ് ഇല്ലാതാകും എന്നാണു പ്രതീക്ഷ.