കഴിഞ്ഞ സീസണില്‍ ഉംറ നിര്‍വഹിക്കാനെത്തി വിസാ കാലാവധിക്കകം തിരിച്ചു പോകാത്ത 3500 വിദേശ തീര്‍ഥാടകരാണ് ഇതുവരെ പോലീസ് പിടിയിലായത്. ഇവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചതായി സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് ആദ്യത്തിലാണ് ഉംറ സീസണ്‍ അവസാനിച്ചത്. തീര്‍ഥാടകര്‍ വന്നിറങ്ങുമ്പോള്‍ വിമാനത്താവളങ്ങളില്‍ വെച്ച് വിരലടയാളം രേഖപ്പെടുത്തിയിരുന്നു. നിയമലംഘകരെ പെട്ടെന്ന് കണ്ടെത്താന്‍ ഇത് സഹായിച്ചതായി ജവാസാത്ത് അറിയിച്ചു.
എന്നാല്‍ മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം പിടിയിലായ നിയമലംഘകരുടെ എണ്ണം കുറവാണ്. മുന്‍ വര്‍ഷങ്ങളില്‍ നാട്ടിലേക്ക് മടങ്ങാത്ത ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ ഉംറ തീര്‍ഥാടകര്‍ ഉണ്ടായിരുന്നു.
അതേസമയം 2015 ല്‍ ഹജ്ജ് നിര്‍വഹിക്കാനെത്തിയ എല്ലാ തീര്‍ഥാടകരും കഴിഞ്ഞ റമദാനിന് മുമ്പ് തന്നെ നാട്ടിലേക്ക് മടങ്ങിപോയതായി അധികൃതര്‍ അറിയിച്ചു. തീര്‍ഥാടകര്‍ സൗദിയിലേക്ക് പുറപ്പെടുന്ന വിമാനത്താവളങ്ങളില്‍ വെച്ച് തന്നെ വിരലടയാളം രേഖപ്പെടുത്തുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് ജവാസാത്ത് വെളിപ്പെടുത്തി.
നിലവില്‍ സൗദിയിലെ വിമാനത്താവളങ്ങളില്‍ വെച്ചാണ് വിരലടയാളം രേഖപ്പെടുത്തുന്നത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ സൗദി വിമാനത്താവളങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ സാധിക്കും. കൂടാതെ സൗദിയിലേക്കുള്ള പ്രവേശനം വിലക്കപ്പെട്ട വിദേശികളെ അവരുടെ രാജ്യങ്ങളില്‍ വെച്ച് തന്നെ കണ്ടെത്തി യാത്ര തടയാന്‍ സാധിക്കും.
