സീസണ്‍ തുടങ്ങിയതിനു ശേഷം പത്തു ലക്ഷത്തോളം ഉംറ വിസകള്‍ വിദേശ രാജ്യങ്ങളിലെ സൗദി എംബസികളും കോണ്‍സുലേറ്റുകളും ഇതുവരെ അനുവദിച്ചു. ഇതില്‍ ആറു ലക്ഷത്തിലധികം തീര്‍ഥാടകര്‍ സൗദിയില്‍ എത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം വെളിപ്പെടുത്തി.  പാകിസ്ഥാനില്‍  നിന്നാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്.

ആകെ തീര്‍ഥാടകരില്‍  മുപ്പത്തിയേഴ് ശതമാനവും പാകിസ്താനികളാണ്. ഇതുവരെ എത്തിയ തീര്‍ഥാടകരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്.  ഒരു ലക്ഷത്തോളം തീര്‍ഥാടകര്‍ ഇന്ത്യയില്‍ നിന്നും ഉമ്രക്കെത്തി. ഇതില്‍ നല്ലൊരു പങ്കും മലയാളികളാണ്. എഴുപത്തി അയ്യായിരത്തോളം തീര്‍ഥാടകരുമായി ഇന്തോനേഷ്യയാണ് മൂന്നാം സ്ഥാനത്ത്. അറബ് രാജ്യങ്ങളില്‍ അള്‍ജീരിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്.

ഇരുപത്തി എണ്ണായിരത്തോളം തീര്‍ഥാടകര്‍. തൊണ്ണൂറ്റിയാറു ശതമാനം വിദേശ തീര്‍ഥാടകരും ഉമ്രക്കെത്തിയത് വിമാന മാര്‍ഗമാണ്. കാല്‍ ലക്ഷത്തോളം പേര്‍ റോഡ് മാര്‍ഗം ഉംറക്കെത്തി. ജിദ്ദ മദീന വിമാനത്താവളങ്ങള്‍ വഴിയാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്. മദീന വിമാനത്താവളം വഴിയുള്ള തീര്‍ഥാടകരുടെ വരവ് എട്ടു ശതമാനം വര്‍ദ്ധിച്ചതായാണ് കണക്ക്. സാമ്പത്തിയ പ്രതിസന്ധിയെ തുടര്‍ന്ന്! ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം ഇത്തവണ കുറഞ്ഞു. 

സൗദിയുമായുള്ള നയതന്ത്ര തര്‍ക്കം മൂലം ഇറാനില്‍ നിന്ന് ഇത് വരെ ഉംറ തീര്‍ഥാടകര്‍ വന്നിട്ടില്ല.  തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഉംറ സീസണ്‍ എട്ടു മാസത്തില്‍ നിന്നു പത്തു മാസമായി വര്‍ധിപ്പിക്കുക, ഹൃസ്വകാല ഉംറ പാക്കേജുകള്‍  കൊണ്ടുവരിക തുടങ്ങിയവയും ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.