അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി കുവൈറ്റിലെത്തിയ മാരിയ കുവൈത്ത് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. കഫല അഫവാ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം നിറുത്തലാക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ വിദഗ്ധയും പ്രത്യേക പ്രതിനിധിയുമായ മാരിയ ഗ്രാസിയ ജിയാംമാരിനാരോ കുവൈറ്റിനോട് ആവശ്യപ്പെട്ടു. ഈ സംവിധാനത്തില്‍ ഗാര്‍ഹിക തൊഴിലാളികളാണ് കൂടുതല്‍ ചൂഷണത്തിന് ഇരയാകുന്നത്. കൂടുതല്‍ സമയം ജോലി ചെയ്യുന്നതിനു പുറമെ തൊഴിലുടമകള്‍ ഇവരോട് മോശമായി പെരുമാറുന്നതിന്റെയും അവരെ ഉപദ്രവിക്കുന്നതിന്റെയും ഫലമായി നിരവധിപേര്‍ ഓരോ വര്‍ഷവും ജോലിസ്ഥലങ്ങളില്‍നിന്ന് ഓടിരക്ഷപ്പെടുന്നുണ്ട്. 

വേതനം നല്‍കാതിരിക്കല്‍, വിശ്രമമില്ലാതെയുള്ള ദീര്‍ഘ ജോലി സമയം, ശാരീരികവും ലൈംഗികവുമായ പീഡനങ്ങള്‍, പരാതികള്‍ക്ക് പരിഹാരം കാണാന്‍ ശരിയായ സംവിധാനമില്ലാതിരിക്കുക എന്നിവയെല്ലാം ഇതിന്റെ പോരയ്മകളാണ്. തൊഴിലുപേക്ഷിക്കുന്ന ഗാര്‍ഹിക സ്‌ത്രീ തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ രണ്ടു അഭയകേന്ദ്രങ്ങള്‍ ആരംഭിച്ചതുള്‍പ്പെടെ നിരവധി നല്ല മാറ്റങ്ങള്‍ വരുത്തിയതിനെ അവര്‍ അഭിനന്ദിച്ചു. എന്നാല്‍, ഇത് അന്താരാഷ്‌ട്ര സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് മാരിയ ഗ്രാസിയയുമായുള്ള കൂടിക്കാഴ്ചയക്ക് ശേഷം കുവൈത്ത് നീതിന്യായ, ഔഖാഫ് - ഇസ്ലാമികകാര്യ വകുപ്പ് മന്ത്രി യാക്കൂബ് അല്‍ സാനെ പറഞ്ഞു. മനുഷ്യക്കടത്ത് ഒരു അന്താരാഷ്‌ട്ര പ്രശ്‌നമായതിനാല്‍ ഇതിനുള്ള പരിഹാരവും അന്താരാഷ്‌ട്രതലത്തില്‍ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.