എംപ്ലോയീ സ്റ്റോക്ക്‌ ഓണര്‍ഷിപ്‌ പ്രോഗ്രാം വഴി ജീവനക്കാര്‍ക്ക് ശമ്പളത്തിന്‌ പകരം കമ്പനി ഷെയറുകള്‍ നല്‍കാനാണ് മാനേജ്‌മെന്‍റ് തീരുമാനം

ദില്ലി: ജീവനക്കാര്‍ക്ക് ശമ്പളത്തിനു പകരം ഷെയറുകള്‍ നല്‍കാന്‍ തയ്യാറായി കമ്പനി. ശമ്പളം നല്‍കാന്‍ പണം ഇല്ലാത്തതിനാലാണ് കമ്പനിയുടെ ഷെയറുകള്‍ നല്‍കാന്‍ മാനേജ്മെന്‍റ് തീരുമാനിച്ചത്. ന്യൂ ഡല്‍ഹിക്കടുത്തു ഗുരുഗ്രാമിലുള്ള ഈസ്റ്റ്‌മാന്‍ ഓട്ടോ ആന്‍ഡ്‌ പവര്‍ ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പാണ് തൊഴിലാളികള്‍ക്ക് ശമ്പളത്തിന്‌ പകരം ഷെയറുകള്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ തുടക്കമായതിനാല്‍ പണത്തിന്‍റെ അഭാവം ഉള്ളതിനാലാണ് ഇത്തരം ഒരു സംവിധാനത്തെപ്പറ്റി ആലോചിച്ചതെന്ന് മാനേജിംഗ് ഡയറക്ടര്‍ ശേഖര്‍ സിംഗാള്‍ പറഞ്ഞു. 

എംപ്ലോയീ സ്റ്റോക്ക്‌ ഓണര്‍ഷിപ്‌ പ്രോഗ്രാം വഴി ഏറ്റവും മികച്ച ജീവനക്കാരെ കണ്ടെത്താനാകും എന്നാണ് മാനേജ്മെന്‍റ് വിശ്വസികുന്നത്. കമ്പനിയുടെ വളര്‍ച്ചക്കനുസരിച്ച്‌ കൂടുതല്‍ നേട്ടം കൊയ്യാം എന്നതിനാല്‍ ഈ സംവിധാനം കൂടുതല്‍ പേരെ ആകര്‍ഷിക്കും എന്നും സിംഗാള്‍ പറഞ്ഞു. സൗരോര്‍ജ്ജ പദ്ധതികളിലും ഊർജ്ജ സംഭരണ മേഘലയിലും പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഈസ്റ്റ്‌മാന്‍ ഓട്ടോ ആന്‍ഡ്‌ പവര്‍ ലിമിറ്റഡ്. ഇതാദ്യമായാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി ജീവനക്കാര്‍ക്ക് ഷെയറുകള്‍ വാഗ്ദാനം ചെയ്യുന്നത്.

ഇത് വരെ 15 ശതമാനം ജീവനക്കാര്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആയിക്കഴിഞ്ഞു. തൊഴിലാളികളും പുതിയ സംവിധാനത്തെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. കമ്പനിയുടെ വളര്‍ച്ച തങ്ങള്‍ക്കും ഗുണകരമാകും എന്നതിനാല്‍ പുതിയ സംവിധാനം കൂടുതല്‍ ആത്മാര്‍ഥതയോടെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കും എന്ന് കമ്പനി ജീവനക്കാരനായ അശ്വനി ശര്‍മ പറയുന്നു.