പാലക്കാട്ട് വന്‍ കുഴൽപ്പണവേട്ട;  1.22കോടിരൂപ പിടികൂടി

പാലക്കാട്: പാലക്കാട് വൻ കുഴൽപ്പണ വേട്ട. മലമ്പുഴ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ തമിഴ്നാട്ടിൽ നിന്ന് പാലക്കാട്ടേക്ക് കൊണ്ടുവന്ന 1.12 കോടി രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തു. പണം കടത്തിയ മണ്ണാർക്കാട് സ്വദേശി അബ്ദുൾ റസാഖിനെ അറസ്റ്റ് ചെയ്തു.സേലത്തു നിന്ന് പാലക്കാട് മണ്ണാർക്കാട്ടേക്ക് കൊണ്ടുവരികയായിരുന്ന കുഴൽപണമാണ് പൊലീസ് പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈം സ്ക്വാഡും മലമ്പുഴ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. പണം കടത്താൻ ഉപയോഗിച്ച കാറും പോലിസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ സീറ്റിനടിയിലും, ഡിക്കിയുടെ ഡോർ പാഡിലും പ്രത്യേക രഹസ്യ അറകളിലാണ് പണം സൂക്ഷിച്ചിരുന്നത്. പണത്തിന്റെ ഉറവിടം സമ്പന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.ദിവസങ്ങൾക്ക്മുന്പ്, വാളയാർ ചെക്പോസ്റ്റിൽ 22 ലക്ഷംരൂപയുടെ കുഴൽപ്പണംഎക്സൈസ് സംഘം പിടികൂടിയിരുന്നു. അതിർത്തി കടന്നുളള കളളപ്പണത്തിന്റെ ഒഴുക്ക് തടയാൻ നിരീക്ഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു