ചീഫ് ടൗണ്‍ പ്ലാനറുടെ അന്വേഷണത്തില്‍ 72 കെട്ടിടങ്ങളാണ് അനധികൃതമെന്ന് കണ്ടെത്തിയത്. 

തൃശൂര്‍: നഗരത്തിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് പ്രത്യേക സംഘത്തെ കോര്‍പ്പറേഷന്‍ നിയമിച്ചു. മുന്‍ കൗണ്‍സിലര്‍ ജോണ്‍ കാഞ്ഞിരത്തിങ്കലിന്‍റെ പരാതിയിലായിരുന്നു സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അസി.എഞ്ചിനീയര്‍മാര്‍ മൂന്ന് ഓവര്‍സീയര്‍മാര്‍, റവന്യു ഇന്‍സ്പെക്ടര്‍ എന്നിവരടങ്ങുന്നതാണ് പ്രത്യേകാന്വേഷണ സംഘം.

ഇതാദ്യമായണ് അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തി നടപടിയെടുക്കുന്നതിന് കോര്‍പ്പറേഷനില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്. നഗരത്തില്‍ അനധികൃത നിര്‍മ്മാണം നടക്കുന്നതിനായി യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത്, ജോണ്‍ കാഞ്ഞിരത്തിങ്കല്‍ വിഷയം ഉന്നയിച്ചിരുന്നു. ഇതില്‍ വിജിലന്‍സും അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കി. ചീഫ് ടൗണ്‍ പ്ലാനറുടെ അന്വേഷണത്തില്‍ 72 കെട്ടിടങ്ങളാണ് അനധികൃതമെന്ന് കണ്ടെത്തിയത്. 

യു.ഡി.എഫ് ഭരണകാലത്ത് അനധികൃത നിര്‍മ്മാണങ്ങള്‍ ഉന്നയിച്ച് പ്രതിഷേധമുയര്‍ത്തിയെങ്കിലും, ഇപ്പോള്‍ ഇടത് ഭരണം രണ്ട് വര്‍ഷം പിന്നിടുമ്പോഴും അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. ഇപ്പോഴും നഗരത്തില്‍ വന്‍തോതില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നുവെന്നാണ് ആക്ഷേപം. 2016 മാര്‍ച്ചില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും നടപടിയെടുത്തിരുന്നില്ല.