ആലപ്പുഴ: ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലൂടെ വ്യാപകമായി വയല്‍ നികത്തി വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മിച്ചത് നിയമങ്ങള്‍ നിയമവിരുദ്ധമായാണെന്നതിന് തെളിവ്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം നെല്‍വയല്‍ നികത്തി റോഡ‍് നിര്‍മ്മിക്കണമെങ്കില്‍ സംസ്ഥാന തല നിരീക്ഷണ സമിതിയുടെ അനുവാദം കിട്ടണം. എന്നാല്‍ അതിനുള്ള അപേക്ഷ പോലും നല്‍കാതെയാണ് കെ.ഇ ഇസ്മായിലും പി.ജെ കുര്യനും പണമനുവദിച്ച ലേക് പാലസ് റിസോര്‍ട്ടിനായുള്ള ഈ റോഡ് നിര്‍മ്മിച്ചതെന്ന് വിവരാവകാശ രേഖ സാക്ഷ്യപ്പെടുത്തുന്നു. ഏഷ്യാനെറ്റ്ന്യൂസ് അന്വേഷണം.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമമനുസരിച്ച് നെല്‍വയല്‍ നികത്തി റോഡ് നിര്‍മ്മിക്കാന്‍ സംസ്ഥാന തല നിരീക്ഷണ സമിതിയുടെ അനുവാദം വാങ്ങാതെ കഴിയില്ല. കൃഷി നിലംനികത്തി റോഡ് നിര്‍മ്മിക്കണമെങ്കില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് രൂപീകൃതമായ പ്രാദേശിക തല നിരീക്ഷണ സമിതിയെ സമീപിക്കണം.
പിന്നീട് പ്രാദേശിക തല സമിതി സംസ്ഥാന തല സമിതിക്ക് നല്‍കുന്ന ശുപാര്‍ശയിലാണ് അനുമതി കിട്ടുക. ഇങ്ങനെ അനുമതി കിട്ടിയാലേ റോഡ് നിര്‍മ്മാണം തുടങ്ങാനാവൂ. എന്നാല്‍ ലേക് പാലസ് റിസോര്‍ട്ടിന്‍റെ മുന്നിലേക്ക് നിര്‍മ്മിച്ച റോഡില്‍ സംഭവിച്ചതെന്ത്..?
നമുക്ക് എടത്വപഞ്ചായത്തിലെ താങ്കരി വരെ പോകാം. ഇവിടെ ചമ്പക്കുളത്തെയും എടത്വയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചമ്പക്കുളം തായങ്കരി എടത്വാ റോഡിന്‍റെ നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്. ആയിരങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഈ റോഡ് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ് നേരിട്ട് ചെയ്യുന്നതാണ്. ഈ റോഡ് 650 മീറ്റര്‍ ഭാഗം കൃഷിചെയ്യുന്ന വയലിന്‍റെ അരികിലൂടെയാണ് പോകുന്നത്.
പണി തുടങ്ങിയെങ്കിലും ഇതിപ്പോള്‍ ഒന്നരവര്‍ഷത്തിലേറെയായി തടസ്സപ്പെട്ട് കിടക്കുകയാണ്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സംസ്ഥാന തല സമിതിയുടെ അനുമതി കിട്ടാത്തതിനാലാണ് മന്ത്രി തോമസ്ചാണ്ടിയുടെ മണ്ഡലത്തിലെ നാട്ടുകാര്‍ക്ക് ഈ ഗതികേട് ഉണ്ടായിരിക്കുന്നത്. ഒരു നിയമവും ബാധകമാവാതെ നെല്‍വയല്‍ ഇഷ്ടം പോലെ മണ്ണിട്ടുയര്‍ത്തി പാടശേഖരത്തിന്‍റെ ഒത്തനടുവിലൂടെ നിര്‍മ്മിച്ച ഒരു റോഡുണ്ട് ഇങ്ങ് ആലപ്പുഴയില്‍.
മന്ത്രി തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന്‍റെ മുന്നില്‍വരെ മാത്രം ടാറിംഗ് അവസാനിപ്പിച്ച വലിയകുളം സീറോ ജെട്ടി റോഡ‍്. 20111 ല്‍ നിര്‍മ്മാണം തുടങ്ങിയ ഈ റോഡിന് വയല്‍നികത്താന്‍ അനുമതി കിട്ടിയിട്ടുണ്ടാകുമോ..? സംസ്ഥാന തല സമിതിയുടെ അനുമതി കിട്ടിയിരുന്നോ എന്നറിയാന്‍ വിവരാവകാശ നിയമപ്രകാരം സമീപിച്ചു. ഇതാ മറുപടി. ആലപ്പുഴ ജില്ലയില്‍ മുല്ലയ്ക്കല്‍ വില്ലേജില്‍ തിരുമല വാര്‍ഡില്‍ കരുവേലി പാടശേഖരത്തിന്‍റെ നടുവിലൂടെ റോഡ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് നിലം നികത്താന്‍ പ്രാദേശിക തല നിരീക്ഷണ സമിതി ശുപാര്‍ശ കിട്ടിയിട്ടില്ല. സംശയം തീര്‍ക്കാന്‍ നേരെ മുല്ലയ്ക്കല്‍ കൃഷി ഓഫീസിലേക്ക്. കൃഷി ഓഫീസറും പറയുന്നു അങ്ങനെയൊരു അപേക്ഷ ഇവിടെയും കിട്ടിയിട്ടില്ലെന്ന്.
