ദില്ലി: വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബജറ്റില്‍ പ്രഖ്യാപനങ്ങള്‍. അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനൊപ്പം ബിടെക് വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ ഫെലോഷിപ്പ് നല്‍കാനും ബജറ്റില്‍ തീരുമാനം. ആരോഗ്യ രംഗത്തിനായി വന്‍ പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1.38 ലക്ഷം കോടി രൂപയാണ് ആരോഗ്യ, വിദ്യാഭ്യാസ പദ്ധതികൾക്കായി നീക്കി വച്ചിരിക്കുന്നത്. ഡിജിറ്റൽ ഇന്ത്യാ വിഹിതം 373 കോടി ആക്കി. 

പാവപ്പെട്ട 8 കോടി സ്ത്രീകൾക്ക് ഗ്യാസ് കണക്ഷൻ നൽകും. 4 കോടി വീടുകളിൽ സൗജന്യ വൈദ്യുതി എത്തിക്കും. പ്രധാനമന്ത്രി സൗഭാഗ്യ യോജന പതിനാറായിരം കോടി രൂപ ഇതിനായി അനുവദിക്കും. വിളകളുടെ താങ്ങുവില ഒന്നര മടങ്ങാക്കി ഉയര്‍ത്തും. താങ്ങുവിലയിലെ നഷ്ടം സർക്കാർ നികത്തും. ദില്ലിയിലെ മലിനീകരണം നിയന്ത്രിക്കാൻ പുതിയ പദ്ധതി രൂപീകരിക്കും. മുതിർന്ന പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കും. ഉജ്വൽ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. 

ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് ഉത്പന്നങ്ങൾ വിൽക്കാൻ സംവിധാനം ഒരുക്കും. ഇതിലൂടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും. കാർഷികോത്പന്നങ്ങളുടെ വിലയടക്കം തീരുമാനിക്കാൻ സംവിധാനം കൊണ്ടുവരും. വിവിധ മന്ത്രാലയങ്ങളെ യോജിപ്പിച്ചാകും പുതിയ സംവിധാനം കൊണ്ടുവരിക. കാർഷികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. കന്നുകാലി കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി നടപ്പിലാക്കും. ഭക്ഷ്യസംസ്കരണത്തിനുള്ള കേന്ദ്രവിഹിതം 1,400 കോടിയാക്കി ഉയർത്തി.