തിരുവനന്തപുരം: കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി തലസ്ഥാനത്ത് എത്തിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വിപുലമായ സ്വീകരണം. സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ പര്‍ട്ടി ആസ്ഥാനത്ത് പൗരസ്വീകരണം നല്‍കി. അതിനിടെ സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്രമന്ത്രിക്ക് ഒരുക്കിയ ഉച്ചഭക്ഷണവിരുന്നില്‍ സര്‍ക്കാരിന്റെ ക്ഷണമില്ലാതിരുന്ന ബിജെപി സംസ്ഥാന നേതാക്കള്‍ പങ്കെടുത്തത് ശ്രദ്ധേയമായി. എം.എല്‍.എ ഒ രാജഗോപാലും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമാണ് ക്ഷണമില്ലാതെ വിരുന്നിനെത്തിയത്.
കേന്ദ്ര ടൂറിസം മന്ത്രിക്ക് സംസ്ഥാന ടൂറിസം വകുപ്പാണ് ഗസ്റ്റ് ഹൗസില്‍ വിരുന്നൊരുക്കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ക്ഷണിച്ച വിരുന്നിലേക്ക് കേന്ദ്രമന്ത്രിക്ക് പിന്നാലെ ഒ.രാജഗോപാല്‍ എംഎല്‍എയും സംസ്ഥാന നേതാക്കളും എത്തുകയായിരുന്നു. കണ്ണന്താനം ആവശ്യപ്പെട്ടത് പ്രകാരമാണ് ബിജെപി നേതാക്കള്‍ വിരുന്നിന് എത്തിയതെന്ന് ടൂറിസം മന്ത്രിയുടെ ഓഫീസ് പിന്നീട് വ്യക്തമാക്കി.ചടങ്ങില്‍ ഒരുമിച്ച് ഭക്ഷണകഴിച്ച കേന്ദ്രമന്ത്രി കണ്ണന്താനവും കടകംപള്ളിയും പരസ്പരം ഉപഹാരങ്ങളും കൈമാറി.
ശിവഗിരി മഠത്തിന്റെ സ്വീകരണമേറ്റുവാങ്ങിയ ശേഷമാണ് കണ്ണന്താനം പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തിയത്. കേന്ദ്രമന്ത്രിയെ വരവേല്‍ക്കാന്‍ സംസ്ഥാനനേതാക്കളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങില്‍ ആളൊഴിഞ്ഞു കിടന്ന മാരാര്‍ജി ഭവനില്‍ ഇന്ന് നേതാക്കളുടെ തിക്കും തിരക്കും കാണാമായിരുന്നു. പാര്‍ട്ടിപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സംയുക്ത വാര്‍ത്താസമ്മേളനവും നടന്നു. പാളയം ജുമാമസ്ജിദിലും ബിഷപ്പ് ഹൗസിലും ഉള്‍പ്പടെ തലസ്ഥാനത്തെ മതസാമുദായിക രാഷ്ട്രീയ കേന്ദ്രങ്ങളില്‍ മന്ത്രിക്ക് സ്വീകരണപരിപാടികള്‍ ഉണ്ടായിരുന്നു.

