ഭാര്യയ്ക്ക് മറ്റൊരാളോട് പ്രണയമാണെന്ന് അറിഞ്ഞ ഭര്‍ത്താവ് ചെയ്ത കാര്യമാണ് കണ്‍പൂരിനെ ഞെട്ടിക്കുന്നത്

കാണ്‍പൂര്‍: ഭാര്യയ്ക്ക് മറ്റൊരാളോട് പ്രണയമാണെന്ന് അറിഞ്ഞ ഭര്‍ത്താവ് ചെയ്ത കാര്യമാണ് കണ്‍പൂരിനെ ഞെട്ടിക്കുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലുള്ള സനിഗ്യാന്‍ ഗ്രാമത്തിലാണ് ഈ തീര്‍ത്തും വ്യത്യസ്തനായ ഭര്‍ത്താവ്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. സനിഗ്യാന്‍ സ്വദേശിയായ സുജിത് ആണ് തന്‍റെ ഭാര്യ ശാന്തിയുടെ വിവാഹം കാമുകനുമൊത്ത് നടത്തികൊടുത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19 നായിരുന്നു സുജിതിന്‍റെയും ശാന്തിയുടെയും വിവാഹം നടന്നത്. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭര്‍തൃഗൃഹം ഉപേക്ഷിച്ച് യുവതി ശ്യാംനഗറിലുള്ള സ്വന്തം വീട്ടിലേക്ക് വന്നു. പിന്നീട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ച് ചെല്ലാന്‍ കൂട്ടാക്കിയില്ല.

സുജിത് യുവതിയെ തിരിച്ച് വിളിക്കാന്‍ ചെന്നപ്പോഴെല്ലാം യുവതി ഇദ്ദേഹത്തിന്‍റെ ആവശ്യം നിരസിച്ചു. ഒടുവില്‍ അവസാനം ശാന്തി തനിക്ക് ഒരു കാമുകനുണ്ടെന്നും തന്‍റെ ഇഷ്ടപ്രകാരമല്ല ഈ വിവാഹം നടന്നതെന്നും സുജിതിനോട് തുറന്നു പറഞ്ഞു. ഇതിനെ തുടര്‍ന്ന് മാനസികമായി ആകെ തളര്‍ന്ന സുജിത് നാട്ടിലെ പ്രമുഖരുമായി സംസാരിക്കുകയും ശാന്തിയും കാമുകനായ രവിയുമായുള്ള വിവാഹം താന്‍ നടത്തുമെന്ന് അറിയിക്കുകയും ചെയ്തു. 

ഇതിന് ശേഷം ഇരുവരുടെ വിവാഹം നടത്താനും സജിത് മുന്‍പന്തിയില്‍ നിന്നു. പൊലീസ് ഉദ്യോഗസ്ഥരടക്കം സുജിതിന്‍റെ നല്ല മനസ്സിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി. തന്‍റെ ഭാര്യക്ക് മറ്റൊരു കാമുകനുണ്ടായിരുന്നെന്ന് അറിഞ്ഞപ്പോള്‍ ആദ്യം തനിക്ക് ഇരുവരേയും കൊന്നു കളയാനാണ് തോന്നിയതെന്ന് യുവാവ് തുറന്ന് സമ്മതിക്കുന്നു.

 എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ തന്‍റെ വീട്ടുകാര്‍ അടക്കം മൂന്ന് കുടുംബങ്ങള്‍ കണ്ണീരിലാകും. അങ്ങനെ ഒടുവിലാണ് ഇരുവരുടെയും വിവാഹം നടത്തികൊടുക്കാമെന്ന തീരുമാനത്തില്‍ താന്‍ എത്തിച്ചേര്‍ന്നതെന്നും സുജിത് പറയുന്നു.