കഴിഞ്ഞ രണ്ടു വര്‍ഷമായി ദക്ഷിണ സുഡാനില്‍ പ്രസിഡന്റ് സാല്‍വാ കിറിന്റെയും വൈസ് പ്രസി‍ഡന്റ് റേക്ക് മാച്ചറിന്റെയും അനുകൂലികള്‍ പരസ്‌പരം ഏറ്റുമുട്ടുകയാണ്. കലാപത്തെ തുടര്‍ന്ന് തലസ്ഥാന നഗരമായ ജൂബ വിട്ട് പോയ വൈസ് പ്രസിഡന്റ് റേക്ക് മാച്ചറിന് 48 മണിക്കൂര്‍ സമയം നല്‍കി പ്രസിഡന്റ് പുറപ്പെടുവിച്ച സന്ദേശമാണ് വീണ്ടും മേഖലയില്‍ സമാധാനം ഇല്ലാതാക്കുമെന്ന ആശങ്കയ്‌ക്ക് കാരണം. വൈസ് പ്രസിഡന്റ് എവിടെയാണെന്ന് അറിയിക്കുകയും ഉടന്‍ തലസ്ഥാനത്തേക്ക് മടങ്ങുകയും വേണമെന്നും ഇല്ലെങ്കില്‍ പകരം മറ്റൊരാളെ നിയമിക്കുമെന്നായിരുന്നു സാല്‍വാകിറിന്റെ അന്ത്യശാസനം. 

റേക്ക് മാച്ചറിന് പകരം മുന്‍ മന്ത്രി ജനറല്‍ തബല്‍ ദം ഗൈയെ വൈസ് പ്രസിഡന്റിന്റെ ചുമതല ഏല്‍പിക്കാനാണ് സാല്‍വാകിറിന്‍റെ തീരുമാനം. എന്നാല്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഒരു നിലപാടും ഉണ്ടാവാന്‍ പാടില്ലെന്നാണ് യു.എന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജൂബയിലെ വൈസ് പ്രസിഡണ്ടിന്റെ വീട് ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് റേക്ക് മാച്ചര്‍ തലസ്ഥാനം വിട്ടത്. 2011 ല്‍ സുഡാനില്‍ നിന്നും സ്വതന്ത്രമായ ദക്ഷിണ സുഡാനില്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ 50,000 ആളുകള്‍ക്കാണ് ജീവന്‍ നഷ്‌ടമായത്.