കല്‍ബുര്‍ഗി: മലയാളി വിദ്യാര്‍ത്ഥിനി കര്‍ണാടകത്തിലെ നഴ്‌സിംഗ് കോളജില്‍ റാഗിംഗിന് ഇരയായ സംഭവത്തില്‍ കോളജിനെ വെള്ളപൂശി സര്‍വ്വകലാശാലാ അന്വേഷണ സമിതി റിപ്പോര്‍ട്ട്. അല്‍ഖമാര്‍ കോളേജില്‍ റാഗിങ് നടന്നിട്ടില്ലെന്ന് രാജീവ് ഗാന്ധി ആരോഗ്യ സര്‍വ്വകലാശാലയുടെ രണ്ടംഗ അന്വേഷണ സമിതി കണ്ടെത്തി. അശ്വതി കുടുംബ പ്രശ്‌നം കാരണം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും സമിതി റിപ്പോര്‍ട്ട് നല്‍കി. അശ്വതിയുടെ മൊഴി കേള്‍ക്കാതെ ഏകപക്ഷീയമായാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

ഇതിനിടെ റാഗിങ് വിരുദ്ധസെല്ലുകളില്ലാത്ത കോളേജുകളെക്കുറിച്ച് പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് കേന്ദ്രനിയമ മന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു.

അല്‍ഖമാര്‍ കോളേജിലോ ഹോസ്റ്റലിലോ റാഗിങ് നടന്നിട്ടില്ലെന്നും അശ്വതി കുടുംബ പ്രശ്‌നം കാരണം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് സമിതി കണ്ടെത്തിയിരിക്കുന്നത്. അശ്വതിയില്‍ നിന്ന് മൊഴിയെടുക്കാതെ ഹോസ്റ്റലിലും, കോളേജിലും നടത്തിയ തെളിവെടുപ്പിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ എസ് രവീന്ദ്രനാഥിന് മുന്‍പാകെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കോളേജിനെതിരെ നടപടിയെന്ന് കഴിഞ്ഞ ദിവസം മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ശരണപ്രകാശ് പാട്ടീല്‍ പറഞ്ഞിരുന്നു.

ഇതിനിടെ് കര്‍ണ്ണടകത്തില്‍ മലയാളി പെണ്‍കുട്ടി റാഗിങിന് ഇരയായ സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നാണ് ലഭിക്കുന്ന വിവരമെന്ന് കേന്ദ്രനിയമമന്ത്രി സദാനന്ദഗൗഡ പറഞ്ഞു. സംസ്ഥാനം നടത്തുന്ന അന്വേഷണത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല

റാഗിങ് വിരുദ്ധസെല്ലുകള്‍ എല്ലാ കോളേജുകളില്‍ നിര്‍ബന്ധമാണ്. ഇതില്ലാത്ത സ്വാശ്രയകോളേജുകളെക്കുറിച്ച് പരാതി ലഭിച്ചാല്‍ പരിശോധിക്കും

സ്വാശ്രയകോളേജുകള്‍ നിയമങ്ങള്‍ പാലിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാനസര്‍ക്കാരുകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു