തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സര്‍വ്വകലാശാലകള്‍ നാളെ (2019 ജനുവരി 3) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. മഹാത്മാ ഗാന്ധി സർവകലാശാല ജനുവരി മൂന്നിന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകൾ ജനുവരി അഞ്ചിന് നടക്കും. സമയം, പരീക്ഷാ കേന്ദ്രം എന്നിവയിൽ മാറ്റമില്ല.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല നാളെ നടത്താൻ ഇരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും എന്ന് കുസാറ്റ് പരീക്ഷ കൺട്രോളർ അറിയിച്ചു. 

കേരള സർവകലാശാല നാളെ(വ്യാഴം) നടത്താനിരുന്ന എല്ലാ പരീക്ഷകളും  മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളെ നടത്താനിരുന്ന ഹയർസെക്കൻഡറി അർദ്ധ വാർഷിക പരീക്ഷ വെള്ളിയാഴ്ചയിലേക്ക് മാറ്റി. 

ആരോഗ്യ ശാസ്ത്ര സര്‍വകലാശാല നാളെ നടത്താനിരുന്ന തിയറി പരീക്ഷകള്‍ മാറ്റി. പരീക്ഷ ശനിയാഴ്ച നടത്തും. സമയത്തില്‍ മാറ്റമില്ല. നാളെ സംസ്ഥാന വ്യാപകമായി ശബരിമല കർമ്മസമിതിയുടെ ഹര്‍ത്താല്‍ ആയതിനാലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. 

നാളത്തെ ഹർത്താലിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യകേരളം തിരുവനന്തപുരം നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അതേസമയം ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. രണ്ട് ദിവസം പ്രതിഷേധ ദിനം ആചരിക്കാൻ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.