കൊച്ചി: 2018 ഫെബ്രുവരി 26നാണ് സ്വിറ്റസർലാന്‍ഡ് സ്വദേശിയായ തോമസ് റീച്ചേർട്ട് വിദേശ നിര്‍മ്മിത യാനവുമായി കൊച്ചി മറീനയില്‍ നങ്കൂരമിട്ടത്. കഴിഞ്ഞ നവം. 12 വരെ മറീനയില്‍ നങ്കൂരമിട്ട യാനം 13 ന് ലക്ഷദ്വീപലേക്ക് പോയി.18 ദിവസമെടുത്ത് ബംഗാരം,കല്‍പേനി,അഗത്തി,കടമത്ത്,അമിനി,കവരത്തി എന്നീ സ്ഥലങ്ങളില്‍ യാനം സന്ദർശനം നടത്തി. ശേഷം മറീനയില്‍ ഡിസംബർ 1ന് തിരിച്ചെത്തിയെന്നാണ് കസ്റ്റംസ് അധികൃതർ പറയുന്നത് .

നിയമം ലംഘിച്ച് കൊച്ചിയിലെത്തിയ വിദേശനിർമിതയാനത്തിന്‍റെ നീക്കങ്ങള്‍ കസ്റ്റംസ് ഔദ്യോഗികമായി രേഖപ്പെടുത്തിയില്ലെന്നാണ് ആക്ഷേപം. അനുമതിയില്ലാതെ 18 ദിവസത്തോളം ലക്ഷദ്വീപില്‍ സന്ദർശനം നടത്തിയ സ്വിറ്റ്സർലാന്‍ഡ് സ്വദേശിയുടെ യാനം കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് അധികൃതർ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ സെന്‍ട്രല്‍ ബോർഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ്, ഐബി തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ വിശദീകരണം ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ യാത്ര നടത്തുന്നതിന് വിദേശ യാനങ്ങള്‍ക്ക് കർശന നിയന്ത്രണമാണുള്ളത്. എന്നിട്ടും രാജ്യത്തെ തന്ത്രപ്രധാന മേഖലകളിലുള്‍പ്പെടെ ഇത്രയും ദിവസം ചുറ്റിയടിച്ചിട്ടും കസ്റ്റംസോ തുറമുഖവകുപ്പധികൃതരോ കോസ്റ്റല്‍ പോലീസോ ഒന്നും അറിഞ്ഞില്ല.ഒരുയാനം തങ്ങളുടെ അതിർത്തിയിലേക്ക് പ്രവേശിച്ചാല്‍ തുറമുഖവകുപ്പ്,കസ്റ്റംസ്,കോസ്റ്റല്‍പോലീസ് അധികൃതർ എല്ലാം അതറിയണം. വെസല്‍ മൂവ്മെന്‍റ് രജിസ്റ്ററില്‍ അത് രേഖപ്പെടുത്തുകയും വേണം.

യാനം അതിർത്തികടന്ന് എന്നുവന്നു, എന്നു തിരിച്ചുപോകും,എവിടെയെല്ലാം സന്ദർശനം നടത്തും എന്നെല്ലാമാണ് ബോർഡിംഗ് ഫോർമാലിറ്റിസ് രെജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടത്. പറഞ്ഞ തീയതിയില്‍ തിരിച്ചു സ്വദേശത്തേക്ക് പോയില്ലെങ്കില്‍ അതും ബന്ധപ്പെട്ടവരെ അറിയിക്കണം. എന്നാല്‍ ഈ യാനത്തെ സംബന്ധിച്ച് ഈ നടപടിക്രമങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് സൂചന.

നിലവില്‍ ഇത്തരം യാനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാനും,വെസല്‍ മൂവ്നമെന്‍ര് രജിസ്റ്റർ ചെയ്യാനും വേണ്ടത്ര ഓഫീസർമാർ ഇല്ല. പകരം മട്ടാഞ്ചേരിയിലെ കസ്റ്റംസ് ഇന്‍സ്പെക്ടർക്കാണ് ഈ നടപടിക്രമങ്ങള്‍ നടപ്പാക്കാനുള്ള അധിക ചുമതല. ഇത് കാര്യക്ഷമമായി നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഇന്‍റലിജന്‍സ് റിപ്പോർട്ടിനെതുടർന്നാണ് ഈ മാസം 7ന് യാനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. സ്വിറ്റസർലാന്‍ഡിലേക്ക് പോയ യാനത്തിന്‍റെ ഉടമസ്ഥനായ തോമസ് റേയ്ച്ചർട്ട് വരുന്ന മാർച്ചില്‍ മാത്രമേ ഇനി ഇന്ത്യയിലേക്ക് തിരിച്ചുവരൂ. യാനത്തിന്‍റെ വാതിലുകള്‍ പൂട്ടിയതിനാല്‍ യാനത്തിന്‍റെ അകത്തുകയറി പരിശോധിക്കാന്‍പോലും കസ്റ്റംസ് അധികൃതർക്ക് സാധിച്ചിട്ടില്ല.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന്‍റെ വിശദീകരണം.