കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ-കുടിയേറ്റ നിയമലംഘകരെയും കുറ്റവാളികളെയും കണ്ടെത്താനുള്ള അധികൃതരുടെ പരിശോധനയില്‍ 260 പേര്‍ പിടിയിലായി. വിദേശികള്‍ ഏറെ വസിക്കുന്ന മെഹ്ബൂലയില്‍ നിന്ന് 160 പേരാണ് പിടിയിലായത്.അഹ്മദി ഗവര്‍ണറേറ്റിലേ മെഹബൂല പ്രദേശത്ത് ഇന്നലെ നടത്തിയ പരിശോധനയില്‍ 160-ഉം ദഹ്റയില്‍ 100 ഉം പേരാണ് പിടിയിലായത്.

പ്രദേശത്തെ എല്ലാ വഴികളും അടച്ചായിരുന്നു സുരക്ഷ ഉദ്യോഗസ്ഥരുടെ പരിശോധന. മെഹബൂല പ്രദേശത്ത് നിന്ന് പിടിയിലായവരില്‍ ക്രിമനല്‍ കേസുകളില്‍ ഉള്‍പ്പെട്ട മൂന്ന് പേരും, സിവല്‍ കേസില്‍ ഉള്‍പ്പെട്ട 12 പേരും ലഹരി മരുന്ന് കച്ചവടത്തിലേര്‍പ്പെട്ടിരുന്ന മൂന്നു പേരും സ്‌പോണ്സര്‍ ഒളിച്ചോട്ട കേസ് നല്‍കിയിട്ടുള്ള 28 പേരും ഇഖാമ കലാവധി കഴിഞ്ഞ് യാതൊരു രേഖയുമില്ലാതെ തങ്ങിയ 68 പേരും ഉള്‍പ്പെടുന്നു.

ദഹ്റയില്‍ നിന്ന് പിടികൂടിയവരും ഇത്തരത്തില്‍ സമാന കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ഇതോടെപ്പം ഗതാഗത മന്ത്രാലയത്തിന്റെ നേത്യത്വത്തില്‍ നടത്തിയ പരിശോധനയില്‍ നൂറിലധികം നിയമലംഘനങ്ങളും പിടികൂടി. ഫഹഹീല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഇന്നലെ വൈകുനേരം അനധികൃത പാര്‍ക്കിംഗ് നടത്തിയവരുടെ വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റ് അഴിച്ചെടുക്കുയും ചെയ്തു.