മെഡിക്കല്‍ കോളജുകളില്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടക്കുമ്പോള്‍ സ്ഥലംമാറ്റ നാടകങ്ങള്‍ പതിവാണ്. എന്‍ട്രികേഡറില്‍‍ നിയമനം നടത്താത്തതിനാല്‍ പരിശോധന നടക്കുന്ന കോളജുകളിലേക്ക് മറ്റ് മെഡിക്കല്‍ കോളജുകളില്‍ നിന്ന് ഡോക്ടര്‍മാരെ രണ്ടോ മൂന്നോ ദിവസത്തേക്ക് നിയമിക്കാറുണ്ട്. ഇതുപോലും മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിക്കില്ലെന്നിരിക്കെ ഇത്തവണ സര്‍ക്കാര്‍ കടുംകൈയാണ് ചെയ്തത്. ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും തമ്മില്‍ സ്ഥലംമാറ്റങ്ങള്‍ക്ക് നിയമസാധുതയില്ല. അങ്ങനെ ഇതുവരെ ഒരു സര്‍ക്കാരും ചെയ്തിട്ടുമില്ല. എന്നാല്‍ ഇത്തവണ കൗണ്‍സിലിനെ കബളിപ്പിക്കാന്‍ ആരോഗ്യവകുപ്പിന് കീഴിലെ ഡോക്ടറെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കി. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ അസിസ്റ്റന്‍റ് സര്‍ജന്‍ ഡോ.ദീപുമോഹനെ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം അസിസ്റ്റന്‍റ് പ്രഫസറാക്കിയാണ് താല്‍കാലിക നിയമനം.

ഫോറന്‍സികില്‍ ബിരുദാനന്തര ബിരുദമുള്ളതിനാല്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനമെന്നാണ് ഉത്തരവില്‍ കാണിച്ചിട്ടുള്ളത്. ആലപ്പുഴയില്‍ ഫോറന്‍സിക് വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രഫസറായിരുന്ന ഡോ.എ കെ.ഉന്മേഷിനെ കൊച്ചി മെഡിക്കല്‍ കോളജിലേക്കും താല്‍കാലികമായി സ്ഥലംമാറ്റി . സര്‍ക്കാരിന്‍റെ ഈ കള്ളക്കളി കൗണ്‍സില്‍ പരിശോധനയില്‍ കണ്ടെത്താനുള്ള സാധ്യതയേറെയാണ്. ഡോ.ദീപുവിന്‍റെ സ്ഥനക്കയറ്റം പരിശോധിച്ചാല്‍ പോലും സര്‍ക്കാരിന്‍റെ കള്ളക്കളി വെളിച്ചത്താകും. അസിസ്റ്റന്റ് സര്‍ജനെങ്ങനെ അസിസ്റ്റന്‍റ് പ്രഫസറായെന്നതും ചോദ്യംചെയ്യപ്പടാം. അങ്ങനെ കണ്ടെത്തിയാല്‍ ഈ ഡോക്റുടെ അംഗീകരാവും നഷ്‌ടമാകും. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ വേണ്ട 120 ഫോറന്‍സിക് മെഡിസിന്‍ ഡോക്ടര്‍മാരുടെ തസ്തികകളില്‍ 40 ശതമാനത്തിനുമേല്‍ ഒഴിവുകളുണ്ട്. ഫോറന്‍സിക് പിജി കഴിഞ്ഞിറങ്ങിയ നിരവധി ഡോക്ടര്‍മാര്‍ പ്രവേശനം കാത്തിരിക്കുമ്പോഴാണ് നിയമനം നടത്താതെയുള്ള സര്‍ക്കാര്‍ നടപടികള്‍.