തിരുവനന്തപുരം:. പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച മനശാസ്ത്രജ്ഞന്‍ കെ ഗീരീഷിൻറെ മുന്‍കൂർ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചു . ഗിരീഷിനെ അറസ്റ്റും ചെയ്യും വരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ നിലപാട്.

കഴിഞ്ഞ ആഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. പഠനവൈകല്യം സംബന്ധിച്ച പരിശോധനക്ക് ഗിരീഷിൻറെ ക്ലിനിക്കിലെത്തിയ കുട്ടിയെ ഒറ്റയ്ക്ക് അകത്ത് വിളിച്ച് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തെന്നാണ് പരാതി. കുട്ടിയുടെ മൊഴിയെടുത്ത് കേസുമായി മുന്നോട്ട് പോകാന്‍ പൊലീസിന് മടിയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. 

മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയപ്പോള്‍ ഗീരീഷിനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. തുടര്‍ന്ന് ഗീരീഷ് മുന്‍കൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്നാകെ ഹാജരാകാനായിരുന്നു കോടതി നിർദ്ദേശം. പിന്നീട് സുപ്രീം കോടതിയെ സമീപിച്ച് മുൻകൂർജാമ്യം നേടി. ഇതിനെതിരെയാണ് ഇപ്പോള്‍ സര്‍ക്കാർ നീക്കം.

പോക്സോ നിയമത്തിലെ ഏഴ് എട്ട് വകുപ്പുകള്‍ ചുമത്തിയവര്‍ക്ക് കോടതികള്‍ സാധാരണ മുന്‍കൂര്‍ ജാമ്യം അനുവദിക്കാറില്ല. ഉന്നതങ്ങളില്‍ ബന്ധമുള്ള ഗീരീഷ് സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.