ആദ്യത്തെ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ, 14 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. അതേസമയം കേസിലെ മറ്റൊരു പ്രതി മുരാരി ബാബു ഇന്ന് ജാമ്യാപേക്ഷ സമർപ്പിച്ചേക്കും.

പത്തനംതിട്ട: ശബരിമല ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണ്ണം കവർച്ച ചെയ്ത കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന്. റിമാൻഡിൽ ഉള്ള പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം റാന്നി കോടതി സമീപിക്കും. ആദ്യത്തെ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ, 14 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. അതേസമയം കേസിലെ മറ്റൊരു പ്രതി മുരാരി ബാബു ഇന്ന് ജാമ്യാപേക്ഷ സമർപ്പിച്ചേക്കും.

അതേ സമയം, ശബരിമല സ്വർണ്ണക്കർവച്ചാ കേസിൽ അറസ്റ്റിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ്കുമാറിനെ കോടതി റിമാൻഡ് ചെയ്തു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവരുമായി ഗൂഢാലോചന നടത്തിയെന്നാണ് എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ആസൂത്രണത്തിൽ ഉൾപ്പെട്ട കൂടുതൽ ഉന്നതരെ അടുത്തദിവസം എസ്.ഐ.ടി. ചോദ്യം ചെയ്യും.

ശബരിമല ശ്രീകോവിലിലെ കട്ടിളപാളി, ദ്വാരപാലക ശില്പങ്ങൾ എന്നിവയിലെ സ്വർണ്ണം അപഹരിച്ച രണ്ട് കേസുകളിലും പ്രതിയാണ് അടൂർ സ്വദേശിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ. രണ്ടു കേസുകളിലും സുധീഷിന്‍റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തി. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുമായി സ്വർണ്ണക്കൊള്ളയ്ക്ക് ഗൂഢാലോചന നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സ്വർണ്ണം എന്ന് അറിവ് ഉണ്ടായിട്ടും ചെമ്പ് എന്ന് വ്യാജ രേഖയുണ്ടാക്കാൻ കൂട്ടുനിന്നു. സ്വർണ്ണപാളികൾ അഴിക്കുമ്പോൾ തിരുവാഭരണം കമ്മീഷണർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യം പോലും ഇല്ലായിരുന്നു. 

സുപ്രധാന ചുമതലയിലിരുന്ന സുധീഷ്കുമാർ ബോധപൂർവ്വം ഈ വീഴ്ചകൾ വരുത്തിയത് തട്ടിപ്പിന് വേണ്ടിയെന്നാണ് എസ്ഐടി പറയുന്നത്. കൂടുതൽ ചോദ്യം ചെയ്യലിന് തിങ്കളാഴ്ച കസ്റ്റിഡിയിൽ വാങ്ങും. മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ആയിരുന്ന എൻ. വാസുവിന്‍റെ പി.എ. ആയും സുധീഷ് ജോലി നോക്കിയിരുന്നു. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലെ ചോദ്യം ചെയ്യൽ നിർണ്ണായകമാണ്. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും തിരു. സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലാണ്. മുരാരി ബാബു അടുത്ത ദിവസം റാന്നി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യഹർജി നൽകും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്