ലണ്ടന്‍: ജീന്‍സും ബൂട്ട്സും ധരിച്ച മലാലയുടെ ചിത്രത്തിനെ ട്രോളി സാമൂഹ്യ മാധ്യമങ്ങള്‍. എന്നാല്‍ ചിത്രത്തിലുള്ളത് മലാല തന്നെയാണോ എന്ന് ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. പാക്കിസ്ഥാനിലെ സിയസറ്റ്.പികെ. എന്ന സൈറ്റിലാണ് ഫോട്ടോ പ്രചരിക്കുന്നത്. വിദേശ വസ്ത്രങ്ങള്‍ ധരിച്ചതും പിതാവിന്‍റെ കൂടെ യാത്ര ചെയ്യാത്തതുമാണ് ട്രോളന്‍മാരെ ചൊടിപ്പിച്ചത്.
ഇപ്പോള്‍ ജീന്‍സും ബുട്ട്സും ആണെങ്കില്‍ കുറച്ച് കഴിഞ്ഞാല്‍ തലയില്‍ ഇപ്പോള്‍ ഇട്ട ദുപ്പട്ട പോലും കാണില്ലെന്നാണ് ട്വിറ്ററില്‍ ഒരാള്‍ കുറിച്ചത്. മലാല പാക്കിസ്ഥാനി ആണെന്ന് പറയുന്നതില്‍ ഖേദിക്കുന്നതായും മറ്റൊരാള്‍ കുറിച്ചു. അമേരിക്കന്‍ ഗെയിമിലെ വെറും ഒരു കളിക്കാരി മാത്രമാണ് മലാലയെന്നും ഇവരുടെ തലയില്‍ ബുള്ളറ്റ് തറയ്ക്കാനുള്ള കാരണം ഇതാണെന്നും കമന്‍റുകളുണ്ട്. എന്നാല്‍ ട്വിറ്റില്‍ മലാലയെ പിന്‍താങ്ങി എത്തിയവരും ഉണ്ട്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠനം ആരംഭിച്ച മലാല ഇപ്പോള്‍ ബ്രിട്ടനിലാണ് താമസിക്കുന്നത്.
