ലഖ്നൗ: പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദത്യനാഥ്. ഖൊരക്പൂര്‍ വിനോദ സഞ്ചാര കേന്ദ്രമല്ലെന്നായിരുന്നു യോഗിയുടെ പ്രതികരണം.

ഓക്‌സിജനല്‍ ലഭിക്കാതെ 75 കുട്ടികള്‍ മരിച്ച ഖൊരക്പൂര്‍ ബാബാ രാംദേവ് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും ഉന്നം വച്ചാണ് യോഗിയുടെ പ്രതികരണം.

പകര്‍ച്ചവ്യാധികളും രോഗങ്ങളും ഇല്ലാതാക്കാനുള്ള ക്ലീന്‍ലൈനസ് ഡ്രൈവ് എന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖൊരക്പൂരിലേക്ക് വിനോദയാത്ര നടത്താന്‍ നമ്മള്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. സ്വച്ഛ് ഭാരത് മിഷനില്‍ പോലും പങ്കാളിയാകാതെ യു.പിയെ ദുരതത്തിലാക്കിയവരാണ് വിനോദയാത്ര നടത്തുന്നത്- അഖിലേഷ് യാദവിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ യോഗി പറഞ്ഞു.

ഓക്‌സിജന്‍ ലഭിക്കാതെ ഇതുവരെ 75 കുട്ടികളാണ് ഖൊരക്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ മരിച്ചത്. മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓക്‌സിജന്‍ ലഭിക്കാത്തതല്ല കുട്ടികളുടെ മരണത്തിന് കാരണമെന്നായിരുന്നു ഗവണ്‍മെന്റിന്റെ വിശദീകരണം. അതേസമയം മരണത്തിന്റെ കാരണം വ്യക്തമാക്കാനും ഗവണ്‍മെന്റ് തയ്യാറായിട്ടില്ല.