സീതാപൂര്‍: ഉത്തര്‍പ്രദേശില്‍ സ്വകാര്യ കമ്പനിയുടെ ലോണ്‍ പിരിച്ചെടുക്കുന്ന ഏജന്റുകള്‍ കര്‍ഷകനെ ട്രാക്ടര്‍ ഇടിച്ചു കൊലപ്പെടുത്തി. കര്‍ഷകന്‍ അഞ്ചുലക്ഷം രൂപ വായ്പ എടുത്ത് തിരിച്ചടച്ചില്ലെന്നാരോപിച്ചായിരുന്നു ഈ ക്രൂരത. ഗ്യാന്‍ ചന്ദ്ര (45) ആണ് കൊല്ലപ്പെട്ടത്. 

സംഭവത്തില്‍, സ്വകാര്യ കമ്പനിയുടെ ലോണ്‍ പിരിച്ചെടുക്കാനുള്ള ഏജന്റുമാര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇവരെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും പൊലീസ് പറയുന്നു. കുറച്ചുവര്‍ഷം മുമ്പ് ഗ്യാന്‍ ചന്ദ്ര ഒരു സ്വകാര്യ പണമിടപാടുകാരനില്‍ നിന്നും തുക കടംവാങ്ങിയിരുന്നു ഈമാസമാദ്യം അദ്ദേഹം മൂന്നരലക്ഷം രൂപ തിരിച്ചടച്ചിരുന്നു. മുഴുവന്‍ തുകയും അടച്ചുതീര്‍ക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേ ഒന്നേകാല്‍ ലക്ഷത്തോളം രൂപ അദ്ദേഹം തിരിച്ചടക്കാനുണ്ടായിരുന്നുവെന്നു. രണ്ടുദിവസം മുമ്പ് അഞ്ച് ഏജന്റുമാരെത്തി അദ്ദേഹത്തിന്റെ ട്രാക്ടര്‍ കൊണ്ടുപോകാന്‍ ശ്രമിച്ചു. ഈ സമയത്ത് അദ്ദേഹം സീതാപൂരിലെ തന്റെ ഗ്രാമത്തിലെ വയലില്‍ പണിയെടുക്കുകയായിരുന്നു. 

'ജനുവരി 10ന് ഞങ്ങള്‍ മൂന്നരലക്ഷം രൂപ തിരിച്ചടച്ചു. ബാക്കിയുള്ള തുക ഉടന്‍ തിരിച്ചടയ്ക്കാമെന്ന് എന്റെ സഹോദരന്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അവര്‍ അതു ചെവിക്കൊള്ളാതെ ട്രാക്ടറിന്റെ താക്കോല്‍ തട്ടിയെടുക്കുകയായിരുന്നു. ട്രാക്ടറുംകൊണ്ട് അവര്‍ പോകാനൊരുങ്ങുമ്പോള്‍ ഏജന്റുമാരിലൊരാള്‍ ഗ്യാന്‍ ചന്ദ്രയെ തള്ളി ട്രാക്ടറിനുമുമ്പിലിടുകയായിരുന്നു. ഞങ്ങളുടെ കണ്‍മുമ്പില്‍വെച്ച് അദ്ദേഹം ചതഞ്ഞരഞ്ഞു മരിച്ചു.' ഗ്യാന്‍ചന്ദ്രയുടെ സഹോദരന്‍ ഓം പ്രകാശ് പറയുന്നു.