സിതാപൂര്‍: പണമിടപാട് സ്ഥാപനത്തില്‍ നിന്നും എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിന്‍റെ പേരില്‍ ഉത്തര്‍പ്രദേശില്‍ കര്‍ഷകനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. ശനിയാഴ്ച സിതാപൂരില്‍ ആണ് സംഭവം. വായ്പ തിരിച്ചുപിടിക്കാന്‍ എത്തിയ ധനകാര്യ സ്ഥാപനത്തിലെ ഏജന്റുമാര്‍ ആണ് ഈ ക്രൂരകൃത്യം ചെയ്തത്.
2015ലാണ് ഭവൂരി സ്വദേശിയായ ഗ്യാന്‍ചന്ദ് (45) ധനകാര്യ സ്ഥാപനത്തില്‍ നിന്നും ട്രാക്ടര്‍ വാങ്ങുന്നതിന് അഞ്ചു ലക്ഷം രൂപ വായ്പയെടുത്തത്. വായ്പ തുക തീര്‍ക്കുന്നതിനായി ഇനി 1,25,000 രൂപ കൂടി അടയ്‌ക്കേണ്ടിയിരുന്നു. ഇത് അടയ്ക്കാന്‍ നോട്ടീസ് വന്നതോടെ ഗ്യാന്‍ചന്ദ് ഈ മാസം 10ന് 35,000 രൂപ സ്ഥാപനത്തില്‍ അടച്ചു. എന്നാല്‍ ഇത് വകവകയ്ക്കാതെ സ്ഥാപനത്തിലെ വായ്പ തിരിച്ചുപിടിക്കുന്നതിനുള് ഏജന്റുമാര്‍ ഗ്യാന്‍ചന്ദിന്റെ വീട്ടില്‍ എത്തി പണത്തിനായി വഴക്കിട്ടു.

പണം ഉടന്‍ അടയ്ക്കാമെന്ന് ഗ്യാന്‍ചന്ദ് കേണുപറഞ്ഞിട്ടും അവര്‍ ചെവിക്കൊണ്ടില്ല. ഗ്യാന്‍ചന്ദിന്റെ കയ്യില്‍ നിന്നും ബലമായി ട്രാക്ടറിന്റെ താക്കോല്‍ വാങ്ങി അവര്‍ കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതു തടയുന്നതിനായി ട്രാക്ടറില്‍ കയറിയ ഗ്യാന്‍ചന്ദ് താഴെ വീഴുകയായിരുന്നു. ഏജന്റുമാര്‍ ഗ്യാന്‍ചന്ദിന്റെ ദേഹത്തുകൂടി ട്രാക്ടര്‍ കയറ്റിയിറക്കി. ചതഞ്ഞരഞ്ഞ ഗ്യാന്‍ചന്ദ് തത്സമയം മരിച്ചുവെന്ന് സഹോദരന്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.
ഇതോടെ രോഷാകുലരായ ജനക്കൂട്ടം മൃതദേഹം എടുക്കാന്‍ പോലും പോലീസിനെ അനുവദിച്ചില്ല. ജില്ലാ കലക്ടറും പോലീസ് സൂപ്രണ്ടും എത്തി ചര്‍ച്ച നടത്തി കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിട്ടുകൊടുത്തത്. ധനകാര്യ സ്ഥാപനത്തിലും അഞ്ച് ഏജന്റുമാര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണ്.
