ജില്ലാ കളക്ടര്‍ക്ക് കത്തയച്ചു 131 കേസുകൾ ഇല്ലാതാകും പ്രതികളെല്ലാം സംഘപരിവാറുകാര്‍

ലക്നൗ: സംഘപരിവാര്‍ നേതാക്കൾ പ്രതിയായ മുസാഫര്‍ നഗര്‍ കലാപക്കേസുകൾ പിൻവലിക്കാൻ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടി തുടങ്ങി. 131 കേസുകളുടെ വിവരങ്ങൾ തേടി യു പി നിയമവകുപ്പ് സെക്രട്ടറി ജില്ലാ കളക്ടറിന് കത്തയച്ചു. 13 കൊലപാതകവും 11 കൊലപാതക ശ്രമങ്ങളും ഉൾപ്പെടെയുള്ള കേസുകൾ ഇല്ലാതാക്കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപടി തുടങ്ങിയത്.

മതവിശ്വാസം വ്രണപ്പെടുത്തിയതിന് ചുമത്തിയ 18 കേസുകളും അടക്കം 131 കേസുകളാണ് യുപി സര്‍ക്കാര്‍ പിൻവലിക്കുന്നത്. കുറഞ്ഞത് ഏഴ് വര്‍ഷമെങ്കിലും തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയ കേസുകൾ പിൻവലിക്കുന്നതിന്‍റെ ഭാഗമായി കേസ് ഡയറി ആവശ്യപ്പെട്ട് മുസാഫര്‍ നഗര്‍-ഷാമിലി ജില്ലാ കളക്ടര്‍മാര്‍ക്ക് നിയമസെക്രട്ടറി കത്തയച്ചു.

കേസ് പിൻവലിക്കുന്നതിലെ പൊതുജനതാതപര്യമടക്കം വിശദീകരിച്ച് 13 കാരണണങ്ങളാണ് നിയമസെക്രട്ടറി കളക്ടറോട് ചോദിച്ചത്. കളക്ടര്‍ കത്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് അയച്ചു. മുസാഫര്‍ നഗറിലേയും ഷാമിലിയിലേയും ഖാപ്പ് നേതാക്കളും ബിജെപി എംപി സഞ്ജീവ് ബല്യാണും ബുധാന എംഎൽഎ ഉമേഷ് മാലിക്കും മുഖ്യമന്ത്രി യോഗി ആദിത്യ നാഥുമായി നടത്തിയ ചര്‍ച്ചയിലാണ് കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചത്.

സംഘപരിവാര്‍ നേതാക്കൾ പ്രതിയായ കേസുകളുടെ പട്ടികയാണ് കൈമാറിയതെന്ന് സഞ്ജീവ് ബല്യാൺ പറഞ്ഞു. 2013ൽ മുസഫര്‍ നഗറിൽ രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ ആക്രമണ പരമ്പരയിൽ 63 പേര്‍ മരിക്കുകയും നിരവധിയാളുകൾക്ക് പലായനം ചെയ്യേണ്ടി വരികയും ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 1455 പേര്‍ക്കെതിരെ 503 കേസുകളാണ് സമാജ്‍വാദി പാര്‍ട്ടി സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തത്.