ലക്നൗ: തറ തുടയ്ക്കുന്നതിനുള്ള ദ്രാവകങ്ങള്‍ക്ക് പിന്നാലെ മരുന്ന് നിര്‍മിക്കാനും ഗോ മൂത്രം ഉപയോഗിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ആയുര്‍വ്വേദ വിഭാഗം നിലവില്‍ ഗോ മൂത്രമുപയോഗിച്ച് എട്ട് മരുന്നുകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് കരള്‍ രോഗങ്ങള്‍, സന്ധിവേദന, പ്രതിരോധശേഷി കുറവ് എന്നിവയെ തരണം ചെയ്യാന്‍ സഹായിക്കുമെന്ന് തെളിയിക്കാനാകുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. ആര്‍ ആര്‍ ചൗധരി പറഞ്ഞു. 

സ്വകാര്യ യൂണിറ്റുകള്‍ക്കൊപ്പം ആയുര്‍വേദ വിഭാഗത്തിന് രണ്ട് ഫാര്‍മസികളുണ്ട്. ഇവിടെ ഗോമൂത്രം, പാല്‍, നെയ്യ് എന്നിവ ഉപയോഗിച്ച് മരുന്ന് നിര്‍മിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോമൂത്രത്തെ ആയുര്‍വ്വേദത്തില്‍നിന്ന് മാറ്റി നിര്‍ത്താനാകില്ല. സര്‍ക്കാരിന്റെ രണ്ട് ഫാര്‍മസിയേക്കാള്‍ സ്വകാര്യമേഖലയിലാണ് ഗോമൂത്രം ഉപയോഗിച്ച് മരുന്ന് തയ്യാറാക്കുന്നത്. ഇത് സംസ്ഥാനത്തെ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജുകളില്‍ നല്‍കുന്നുണ്ടെന്നും ചധരി വ്യക്തമാക്കി. 

എട്ട് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജുകളാണ് ഉത്തര്‍പ്രദേശിലുള്ളത്. ഡിഗ്രി കോഴ്‌സുകള്‍ക്ക് പുറമെ നിരവധി പേരാണ് ചികിത്സ തേടി മെഡിക്കല്‍ കോളേജുകളിലെത്തുന്നത്. ഓഗസ്റ്റ് 2017 ല്‍ തറ തുടയ്ക്കുന്നതിനുള്ള ദ്രാവക നിര്‍മാണത്തിന് ഗോമൂത്രം ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം യുപി സര്‍ക്കാര്‍ മുന്നോട്ട് വച്ചിരുന്നു. പശുവില്‍നിന്ന് ലഭിക്കുന്ന ഉത്പന്നങ്ങളെ എങ്ങനെല്ലാം ഉപയോഗിക്കാമെന്ന് പഠിക്കുന്നതിനായി 2017ജൂലൈല്‍ ആര്‍എസ്എസ്, വിഎച്ച്പി അംഗങ്ങള്‍ അടക്കം ഉള്‍പ്പെട്ട 19 അംഗ പാനല്‍ രൂപീകരിച്ചിരുന്നു.