ദില്ലി: അയോദ്ധ്യ തര്‍ക്കത്തിൽ സുന്നി-ഷിയ വഖഫ് ബോര്‍ഡുകൾക്കിടയിലെ ഭിന്നത രൂക്ഷമാകുന്നു. തര്‍ക്കസ്ഥലത്ത് പള്ളിപണിയാൻ കടുംപിടുത്തമില്ലെന്ന് ഷിയ ബോര്‍ഡ് ചെയര്‍മാൻ വസീം റിസ് വി മധ്യസ്ഥ ശ്രമം തുടങ്ങിയ ശ്രി ശ്രി രവിങ്കറിനെ അറിയിച്ചു. തര്‍ക്കസ്ഥലത്തുതന്നെ മസ്ജിദ് അല്ലാത്ത ഒരു ഒത്തുതീര്‍പ്പ് നിര്‍ദ്ദേശവും അംഗീകരിക്കില്ലെന്ന് മുസ്ളീം വ്യക്തിനിയമ ബോര്‍ഡ് പ്രതികരിച്ചു.
അയോദ്ധ്യയിൽ തര്‍ക്കത്തിൽ സ്വന്തം നിലക്ക് മധ്യസ്ഥ ശ്രമം തുടങ്ങിയ ആര്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രി ശ്രി രവിശങ്കറുമായി ഇന്ന് ഷിയ-വഖഫ് ബോര്‍ഡ് ചെയര്‍മാൻ വസീം റിസ് വി ഒരു മണിക്കൂറിലധികം കൂടിക്കാഴ്ച നടത്തി. മറ്റൊരു സ്ഥലത്ത് മസ്ജിദ് നിര്‍മ്മിച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പിന് തയ്യാറെന്നാണ് റിസ് വി ശ്രീ ശ്രി രവിശങ്കറെ അറിയിച്ചത്.
കാഞ്ചിശങ്കരാചാര്യരെ അപമാനിച്ചതുപോലെ ശ്രീ ശ്രീ രവിശങ്കറെയും സംഘപരിവാർ പിന്നീട് തള്ളിപ്പറയുമെന്ന് മുസ്ളീം വ്യക്തിനിയമ ബോര്‍ഡ് പ്രതികരിച്ചു. തര്‍ക്കഭൂമിയിൽ ഒരിടത്തുതന്നെ മസ്ജിദ് പണിയാമെന്ന ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം വന്നാൽ സ്വീകരിക്കും. ഷിയ വിഭാഗം കൂടി ഉൾപ്പെട്ടതാണ് മുസ്ളീം വ്യക്തിനിയമ ബോര്‍ഡെന്നും സുപ്രീംകോടതി തീരുമാനത്തിനായി കാത്തിരിക്കുമെന്നും ബോര്‍ഡംഗം കമാൽ ഫറൂഖി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തര്‍ക്കഭൂമിയുടെ യഥാര്‍ത്ഥ അവകാശികൾ ഷിയകളാണെന്ന വാദമാണ് സംഘപരിവാര്‍ ഇപ്പോൾ ഉയര്‍ത്തുന്നത്. അതേസമയം ശ്രീശ്രീ രവിശങ്കറുമായി സഹകരിക്കുന്ന കാര്യത്തിൽ അയോദ്ധ്യയിലെ ഹിന്ദു സന്യാസികൾക്കിടയിലും രണ്ടഭിപ്രായമാണ് പ്രകടമാകുന്നത്.
