വാരണാസി: ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ സ്‍കൂളില്‍ പ്രധാനാധ്യാപിക വിദ്യാര്‍ഥിനികളെ അര്‍ദ്ധനഗ്നരാക്കി മൈതാനത്തുകൂടി ഓടിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഒരുസ്‍കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്‍പെന്‍ഡ് ചെയ്തു.
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ അമ്പാരി കോളനിയിലെ ജൂനിയര്‍ ഗേള്‍സ് ഹൈസ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പ്രധാനാധ്യപിക മീന സിങ്ങാണ് എട്ടാംക്ലാസുകാരായ 15 കുട്ടികളെ ക്രൂരമായി ശിക്ഷിച്ചത്.
സംസ്‌കൃത ശ്ലോകം പഠിച്ചില്ലെന്ന പേരിലായിരുന്നു കഠിനശിക്ഷ. അര്‍ദ്ധനഗ്നരാക്കിയ ശേഷം രണ്ടു മണിക്കൂറോളം കുട്ടികളെ സ്കൂള്‍ ഗ്രൗണ്ടില്‍ ഓടിച്ചെന്നാണ് പരാതി. കൈകള്‍ പിന്നിലേക്ക് കെട്ടി മുട്ടുമടക്കാതെ കുനിഞ്ഞ് നില്‍ക്കുവാന്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. ഒപ്പം അര്‍ദ്ധനഗ്നരായ കുട്ടികളുടെ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തിയതായും പരാതിയുണ്ട്.
അധ്യാപികയുടെ ഈ പ്രവൃത്തിഅറിഞ്ഞ മാതാപിതാക്കള്‍ ജില്ലാ മജിട്രേറ്റിന് മുന്നില്‍ പരാതി നല്‍കി. തുടര്‍ന്നാണ് മീനാസിങ്ങിനെതിരെ നടപടി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.
