2-1ന്‍റെ തോല്‍വിയോടെ പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

മോസ്‌കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കവാനിയുടെ ഇരട്ട ഗോളില്‍ പോര്‍ച്ചുഗലിനെ തളച്ച് ഉറുഗ്വെ ക്വാര്‍ട്ടറില്‍. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ഉറുഗ്വെക്കെതിരെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ പോര്‍ച്ചുഗല്‍ ഒപ്പമെത്തിയെങ്കിലും കവാനി ഹീറോയാവുകയായിരുന്നു. റൊണാള്‍ഡോ നിരാശപ്പെടുത്തിയപ്പോള്‍ 2-1ന്‍റെ തോല്‍വിയോടെ പോര്‍ച്ചുഗല്‍ ലോകകപ്പ് പ്രായാണം അവസാനിപ്പിച്ചു.

ആദ്യ പകുതി
പ്രീക്വാര്‍ട്ടര്‍ അങ്കത്തില്‍ വ്യക്തമായ ആധിപത്യമുറപ്പിച്ചാണ് ഉറുഗ്വെ തുടങ്ങിയത്. ഏഴാം മിനുറ്റില്‍ തന്നെ ഇതിന്‍റെ ഫലം കണ്ടു. സുവാരസിന്‍റെ ക്രോസില്‍ നിന്ന് തകര്‍പ്പന്‍ ഹെഡറിലൂടെ കവാനി ഉറുഗ്വെയെ മുന്നിലെത്തിച്ചു. അതേസമയം ആക്രമണവും പ്രതിരോധവും ശക്തിപ്പെടുത്തി പോര്‍ച്ചുഗലിനെ ആദ്യ പകുതിയില്‍ ഉറുഗ്വെ മനോഹരമായി തളയ്ക്കുകയും ചെയ്തു. 

റൊണാള്‍ഡോയെ കേന്ദ്രീകരിച്ചുള്ള പോര്‍ച്ചുഗലിന്‍റെ നീക്കങ്ങളെല്ലാം പാളി. ശക്തമായ ഉറുഗ്വെയ്ന്‍ പ്രതിരോധം റോണോയ്ക്ക് ബാലികേറാ മലയായി. ബോക്സിന് പുറത്ത് നിന്ന് 32-ാം മിനുറ്റില്‍ റൊണാള്‍ഡോയെടുത്ത ഫ്രീകിക്ക് ഉറുഗ്വെയ്ന്‍ മതിലില്‍ തട്ടിത്തെറിച്ചത് തന്നെ ഉദാഹരണം. ആദ്യ പകുതിയുടെ ഇഞ്ചുറിടൈമിലും ഉറുഗ്വെ ആയിരുന്നു ആക്രമണത്തില്‍ മുന്നില്‍. 

പെപെയുടെ മറുപടി
ഉറുഗ്വെയുടെ തലകൊണ്ടുള്ള കളിക്ക് തലകൊണ്ടു തന്നെ പോര്‍ച്ചുഗല്‍ മറുപടി കൊടുത്തു. എന്നാല്‍ 58-ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടിവന്നു എന്നുമാത്രം. മിനുറ്റില്‍ റാഫോല്‍ ഗുറേറോ എടുത്ത കോര്‍ണറില്‍ നിന്ന് ഹെഡറിലൂടെ പെപെ പോര്‍ച്ചുഗലിന്‍റെ സമനില ഗോള്‍ നേടി. റൊണോയെ മാര്‍ക്ക് ചെയ്ത ഉറുഗ്വെന്‍ താരങ്ങളെ പെപെ കളി പഠിപ്പിക്കുകയായിരുന്നു

കവാനിയുടെ രണ്ടാം വരവ്
ലോകകപ്പിലേറ്റ വിമര്‍ശനങ്ങളെല്ലാം കവാനി കഴുകിക്കളഞ്ഞ നിമിഷം. 62-ാം മിനുറ്റില്‍ ബെണ്‍ടാന്‍കറിന്‍റെ പാസില്‍ നിന്ന് കവാനിയുടെ സുന്ദരന്‍ ഫിനിഷിംഗ്. ഈ ഗോള്‍ ഉറുഗ്വെക്ക് 2-1ന്‍റെ ലീഡ് സമ്മാനിച്ചു. 76-ാം മിനുറ്റില്‍ പരിക്കേറ്റ കവാനിക്ക് പകരം സ്റ്റുവാനിയെത്തി. എന്നാല്‍ പിന്നാലെയും ഇഞ്ചുറിടൈമിലുമായി ലഭിച്ച സുവര്‍ണാവസരങ്ങള്‍ മുതലാക്കാനാകാതെ പോര്‍ച്ചുഗല്‍ പുറത്തേക്ക് നടന്നു.