ഫ്രാന്‍സ് ഒരു ഗോളിന് മുന്നില്‍

നോവ്ഗ്രോഗോഡ്: ലാറ്റിനമേരിക്കയുടെ കരുത്തിന് മേല്‍ വീണ്ടും ഫ്രാന്‍സ് ആണിയടിച്ചതോടെ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്‍റെ ആദ്യ പകുതിയില്‍ ഉറുഗ്വെ ഒരു ഗോളിന് പിന്നില്‍. അര്‍ജന്‍റീനയെ തോല്‍പ്പിച്ചതിന്‍റെ ആവേശവുമായെത്തിയ ഫ്രാന്‍സിനെ ഞെട്ടിക്കുന്ന പ്രകടനമാണ് ആദ്യ മിനിറ്റുകളില്‍ ഉറുഗ്വെ പുറത്തെടുത്തത്. നായകന്‍ ഡീഗോ ഗോഡിന്‍റെയും ഗിമിനെസന്‍റെയും പ്രതിരോധം തക‍ര്‍ത്ത് മുന്നേറാന്‍ ഗ്രീസ്മാനും സംഘത്തിനും സാധിച്ചില്ല.

കവാനിക്ക് പകരം വന്ന സ്റ്റുവാനി ഫ്രഞ്ച് പ്രതിരോധത്തിന് ഭീഷണിയുയര്‍ത്തി. 15-ാം മിനിറ്റില്‍ ഫ്രഞ്ച് പടയ്ക്ക് ആദ്യ അവസരം കെെവന്നു. പവാര്‍ഡിന്‍റെ ക്രോസ് ജിരുദ് എംബപെയ്ക്ക് മറിച്ച് നല്‍കി. പക്ഷേ, ഫ്രാന്‍സിന്‍റെ യുവതാരത്തിന് കൃത്യമായി ഹെഡ‍് ചെയ്യാന്‍ സാധിച്ചില്ല. പതിയെ ദെശാംപ്സിന്‍റെ കുട്ടികള്‍ കളത്തിലേക്ക് തിരിച്ചുവരുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

പോള്‍ പോഗ്ബയുടെ ബുദ്ധിയില്‍ വിരിഞ്ഞ നീക്കങ്ങളായിരുന്നു ലോറിസിന്‍റെയും സംഘത്തിന്‍റെയും മുന്നേറ്റങ്ങള്‍ക്ക് പിന്നില്‍.21-ാം മിനിറ്റില്‍ പോഗ്ബയും എംബാപെയും ഒത്തുച്ചേര്‍ന്നുള്ള മത്സരത്തിലെ മൂന്നാമത്തെ മുന്നേറ്റം ഉറുഗ്വെയന്‍ ബോക്സില്‍ എത്തി. ഗിമിനെസ് നടത്തി രക്ഷാപ്രവര്‍ത്തനം പക്ഷേ, ഫലം കണ്ടു. 29-ാം മിനിറ്റില്‍ വീണ്ടും എംബാപെ വീണ്ടും കുതിച്ചെത്തി.

പവാര്‍ഡ് നല്‍കിയ ക്രോസ് ഫസ്റ്റ് ടച്ച് എടുത്ത പിഎസ്ജി താരത്തിന് അല്‍പം പിഴച്ചത് ലാറ്റിനമേരിക്കന്‍ ടീമിന്‍റെ രക്ഷയ്ക്കെത്തി. വീണ്ടും പിഎസ്ജി താരത്തിന്‍റെ മുന്നേറ്റം പലകുറിയുണ്ടായെങ്കിലും എംബാപെയുടെ വേഗത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ ഫ്രഞ്ച് നിരയില്‍ ആരുമുണ്ടായില്ല. 42-ാം മിനിറ്റില്‍ ഫ്രാന്‍സിന്‍റെ തുടര്‍ മുന്നേറ്റങ്ങള്‍ക്ക് ഫലം ലഭിച്ചു.

ടൊളിസോയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ആന്‍റോണിയോ ഗ്രീസ്മാന്‍ ബോക്സിന് നടുവിലേക്ക് കൃത്യമായി തൊടുത്തു. ഉറുഗ്വെയന്‍ താരങ്ങളെ കാഴ്ചക്കാരാക്കി ഉയര്‍ന്നു ചാടിയ റാഫേല്‍ വരേന്‍ മുസ്‍ലേരെയെ നിസഹായനാക്കി പന്ത് വലയിലാക്കി. അതിനുള്ള മറുപടിക്കായി ഗോഡിനും സംഘവും ആവും വിധം പൊരുതി.

ഏകദേശം ഫ്രാന്‍സിന് ലഭിച്ച അതേ സ്ഥലത്ത് നിന്നുള്ള ഫ്രീകിക്ക് ടൊറേയ്റ കൃത്യമായി ഹെഡ് ചെയ്തെങ്കിലും ലോറിസിന്‍റെ കിടിലന്‍ സേവ് ഉറുഗ്വെയുടെ ആദ്യ ഗോള്‍ എന്ന സ്വപ്നത്തെ അകറ്റി. ആദ്യപകുതിയുടെ ഇഞ്ചുറി ടെെമിലും സമനില ഗോളിനായുള്ള ഉറുഗ്വെയുടെ ഊര്‍ജിത ശ്രമങ്ങളുണ്ടായെങ്കിലും ഫ്രഞ്ച് വീര്യം തകര്‍ക്കാനായില്ല.