ഉറുഗ്വെ ഫുട്ബോളിലൂടെ ലോകത്തോട് ആശയവിനിമയം നടത്തുന്നവര്‍

ഫുട്ബോളിനോട് സ്വന്തം ദു:ഖങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു രാജ്യം ഈ ലോകത്തുണ്ടെങ്കില്‍ അത് ഉറുഗ്വെയാണ്. ഫുട്ബോള്‍ ശാക്തിക ചേരികളായ ബ്രസീല്‍-അര്‍ജന്‍റീന എന്നീ രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഉറുഗ്വെ ഫുട്ബോളിനോടുളള വൈകാരിക ബന്ധത്തിന്‍റെ കാര്യത്തില്‍ ഇരു കൂട്ടരെക്കാളും ഒട്ടും പിന്നിലല്ല. 1930ലെ ആദ്യ ഫുട്ബോള്‍ ലോകകപ്പ് കരസ്ഥമാക്കിയ ചരിത്രം പറയാനുണ്ട് ഉറുഗ്വെയ്ക്ക്.

അന്ന് ആതിഥേയത്വം വഹിച്ചതും അവര്‍ തന്നെയായിരുന്നു. പിന്നീട്, 1950ല്‍ അവര്‍ രണ്ടാം തവണ ലോകകിരീടം നാട്ടിലെത്തിച്ചു. ബ്രസീല്‍ ആയിരുന്നു അന്ന് വേദി. ഇതുവരെ ഉറുഗ്വെയെ കൂടാതെ ഏഴു രാജ്യങ്ങള്‍ മാത്രമേ ലോകകപ്പില്‍ മുത്തമിട്ടിട്ടുള്ളൂ എന്ന് പറയുമ്പോള്‍ അവരുടെ നേട്ടത്തിന്‍റെ തിളക്കമേറും.

പക്ഷേ, കാലം അവര്‍ക്ക് കരുതിവെച്ചത് മറ്റൊന്നായിരുന്നു. അറുപതുകളോടെ ഉറുഗ്വെയുടെ ശക്തി ക്ഷയിച്ച് തുടങ്ങി. എന്നാല്‍, 2010 മുതല്‍ അവര്‍ വീണ്ടും ലോക ഫുട്ബോള്‍ വേദികളെ ഇളക്കിമറിച്ചു തുടങ്ങി. 2010ല്‍ ക്യാപ്റ്റന്‍ ഡിയാഗോ ഫോര്‍ലാന്‍റെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കയിലിറങ്ങിയ അവര്‍ നാലാം സ്ഥാനവുമായാണ് അവിടം വിട്ടത്.

ലൂയിസ് സുവാരസ്, കവാനി തുടങ്ങിയ മിടുക്കന്മാരായ അനേകം കളിക്കാരുടെ നീണ്ടനിര 2010 ലോകകപ്പ് മുതല്‍ അവര്‍ക്കുണ്ട്. ആ മിടുക്കിന്‍റെ പൂര്‍ണ്ണത റഷ്യയിലെ പ്രീക്വാര്‍ട്ടര്‍ വരെയുളള അവരുടെ മുന്നേറ്റത്തില്‍ നമ്മള്‍ കണ്ടതാണ്. ക്വാര്‍ട്ടറിലെ അവരുടെ എതിരാളികള്‍ ഫ്രാന്‍സാണ്. 

പ്രതാപത്തില്‍ നിന്ന് അറുപതുകളോടെ മങ്ങിപ്പോയ ഫുട്ബോളിനെ വീണ്ടും ഉയര്‍ത്തിയെടുക്കാന്‍ ഉറുഗ്വെ ജനത വലിയ തോതില്‍ വിയര്‍പ്പൊഴുക്കി. ഉറുഗ്വെ ഫുട്ബോളിനെപ്പോലെ തന്നെ, അവരുടെ സമ്പദ്ഘടനയും വലിയ പ്രതിസന്ധിയിലായ ദിനങ്ങളായിരുന്നു '60 കള്‍ക്ക് ശേഷം. എന്നാല്‍, അതൊന്നും ആ ജനത വകവച്ചില്ല. രാജ്യത്തെ ഫുട്ബോളിനെ വളര്‍ത്തിയെടുക്കാന്‍ അവര്‍ അരയും തലയും മുറുക്കിയിറങ്ങി.

എണ്‍പതുകളോടെ ഉറുഗ്വെയില്‍ നിന്നുള്ള യുവരക്തങ്ങള്‍ യൂറോപ്യന്‍ ക്ലബ്ബുകളിലേക്ക് ചേക്കേറി. ഈ മുന്നേറ്റത്തെ പക്ഷേ 2002ലെ സാമ്പത്തിക മാന്ദ്യം വിഷമവൃത്തിലാക്കി. ഫുട്ബോള്‍ കളിച്ചിരുന്ന വ്യക്തികള്‍ക്ക് അതില്‍ മാത്രമായി തുടരാന്‍ കഴിയാത്ത അവസ്ഥ രാജ്യത്ത് ഉടലെടുത്തു.

സാമ്പത്തിക മാന്ദ്യ വെല്ലുവിളകളോട് ധീരതയോടെ പോരാടിയ ആ ജനത 2012ല്‍ ഏറ്റവും മികച്ച നിക്ഷേപക സൗഹാര്‍ദ സാഹചര്യം നിലനില്‍ക്കുന്ന രാജ്യമെന്ന പദവി നേടിയെടുത്തു. മൂന്ന് പ്രധാന നിക്ഷേപക ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ ഉറുഗ്വെയ്ക്ക് നല്‍കിയത് "ട്രിപ്പിള്‍ കൗണ്‍" എന്ന സ്ഥാനമാണ്. റഷ്യന്‍ ലോകകപ്പിനോട് അനുബന്ധിച്ച് ഗോള്‍ഡ്‍മാന്‍ സാഷെ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

ഉറുഗ്വെയന്‍ സമ്പദ്‍വ്യവസ്ഥയുടെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതോടെ ഉറുഗ്വെയന്‍ ഫുട്ബോളും ടോപ്പ് ഗിയറിലേക്ക് കയറി. ഇതിന്‍റെ പ്രതിഫലനമാണ് ലാറ്റിനമേരിക്കന്‍ യോഗ്യത റൗണ്ടില്‍ ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ഉറുഗ്വെയ്ക്ക് റഷ്യന്‍ ലോകകപ്പിലെത്താനായത്. എന്നാല്‍, അവരുടെ തൊഴില്‍ മേഖല ഇപ്പോഴും പ്രതിസന്ധിയില്‍ തുടരുകയാണ്.

അഴിമതി, സ്വകാര്യ സുരക്ഷ പ്രശ്നങ്ങള്‍, ഇക്കണോമിക് മിസ് മാനേജ്മെന്‍റ് എന്നിവ ഉറുഗ്വെയില്‍ കുറവാണ്. അതിനാല്‍ തന്നെയാണ് ഇക്കണോമിക് ഡെമോക്രാറ്റിക് ഇന്‍ഡക്സില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ഇടയിലെ ഉയര്‍ന്ന ജനാധിപത്യം പുലരുന്ന രാജ്യമെന്ന പദവി ഉറുഗ്വെയ്ക്ക് ലഭിച്ചത്. 

2017 -18 ല്‍ രാജ്യത്തെ പണപ്പെരുപ്പ ശതമാനം സര്‍ക്കാരിന് തങ്ങള്‍ ലക്ഷ്യം വച്ച കുറഞ്ഞ ശതമാനത്തിലേക്ക് തഴ്ത്താനായത് അവരെ സുരക്ഷിതമാക്കി നിര്‍ത്തുന്നു. എന്നാല്‍, അയല്‍ക്കാരായ ബ്രസീലിന്‍റെയും അര്‍ജന്‍റീനയുടെയും ആഭ്യന്തര പ്രശ്നങ്ങള്‍ ഉറുഗ്വെയെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഫുട്ബോളിലും സമ്പദ്ഘടനയിലും വന്‍ വീഴ്ച്ചയുടെ ആഴങ്ങളില്‍ നിന്ന് ധീരമായി ഉയര്‍ന്നുവന്ന ഉറുഗ്വെയ്ക്ക് ഈ ലോകകപ്പില്‍ കിരീടത്തില്‍ കുറഞ്ഞ സ്വപ്നങ്ങളൊന്നുമില്ല.