വാഷിങ്ടണ്‍: വടക്കന്‍ കൊറിയക്കെതിരായ നിലപാട് കടുപ്പിച്ച് അമേരിക്ക. വിവേചനരഹിതമായ മിസൈല്‍ പരീക്ഷണ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ വടക്കന്‍ കൊറിയയെ നശിപ്പിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയെയാണ് അമേരിക്ക നിലപാട് അറിയിച്ചത്.
തുടരെ മിസൈല്‍ പരീക്ഷണ നടപടികളുമായി മുന്നോട്ടുപോകുന്ന വടക്കന്‍ കൊറിയക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് അമേരിക്ക യുഎനില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ യുഎന്നിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതാണ് അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതേതുടര്‍ന്നാണ് ഈ നിലപാട് തുടര്‍ന്നാല്‍ വടക്കന്‍ കൊറിയയെ നശിപ്പിക്കുമെന്ന് വ്യക്തമാക്കി ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ നിക്കി ഹെയ്!ലി രംഗത്തെത്തിയത്. പരിഹാരം കണ്ടെത്താന്‍ യുഎന്‍ പരാജയപ്പെടുന്ന പക്ഷം യുക്തമായ തീരുമാനമെടുക്കാന്‍ പെന്റഗണ്‍ നിര്‍ബ്ബന്ധിതമാവുമെന്ന് ഹെയ്‌ലി യുഎന്നിനെ അറിയിച്ചു.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ദക്ഷിണ കൊറിയന്‍ പ്രസിന്റുമായി ഫോണില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് അമേരിക്ക യുഎന്നില്‍ നിലപാട് കടുപ്പിച്ചത്. വടക്കന്‍ കൊറിയക്കെതിരെ സഹകരണം ശക്തമാക്കാന്‍ ഇരു കൂട്ടരും നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ചര്‍ച്ചക്ക് ശേഷം കിം ജോഗ് ഉന്നിനെ റോക്കറ്റ് മാന്‍ എന്ന് വിശേഷിപ്പിച്ച് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. വടക്കന്‍ കൊറിയ വാതക അറയായി മാറി കൊണ്ടിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഇതിന് പിന്നാലെ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മക്മാസ്റ്ററും വടക്കന്‍ കൊറിയക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഇനി കാഴ്ചക്കാരായി നില്‍ക്കാന്‍ പറ്റില്ലെന്നായിരുന്നു സൈനിക നടപടി സാധ്യത തള്ളാതെ മക്മാസ്റ്ററുടെ വിശദീകരണം.
