വാഷിംഗ്ടൺ: യുഎസിൽ എവിടെയും ചെന്നെത്താവുന്ന പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതിനു പിന്നാലെ ഉത്തരകൊറിയയ്ക്കെതിരെ നിലപാടു കടുപ്പിച്ച് അമേരിക്ക. ഉത്തരകൊറിയയുമായുള്ളബന്ധം അവസാനിപ്പിക്കാൻ മറ്റ് രാജ്യങ്ങൾ തയാറാകണമെന്ന് അമേരിക്ക ആഹ്വാനം ചെയ്തു. യുഎൻ അംബാസിഡർ നിക്കി ഹേലിയാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്.
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇതു സംബന്ധിച്ച് ചൈനീസ് പ്രസിഡന്‍റ് അടക്കമുള്ളവരുമായി ചർച്ച ചെയ്തെന്നും ഉത്തരകൊറിയയ്ക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകാനാണ് അമേരിക്കയുടെ തീരുമാനമെന്നും ഹേലി അറിയിച്ചു. ബുധനാഴ്ചയാണ് അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുടെ എതിർപ്പുകളും മുന്നറിയിപ്പുകളും അവഗണിച്ച് ഉത്തരകറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയത്. പുതിയ പരീക്ഷണത്തോടെ തങ്ങൾ ആണവശക്തിയായി മാറിയെന്നും അവർ അവകാശപ്പെട്ടിരുന്നു.
