ന്യൂയോര്‍ക്ക്: ഹിസ്ബുള്‍ മുജാഹിദിനെ വിദേശ ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. ഈ സംഘടനയുടെ പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മേധാവി സയ്യീദ് സലാഹുദ്ദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് രണ്ട് മാസം തികയുന്നതിന് മുന്‍പാണ് സംഘടനയ്ക്കെതിരെ അമേരിക്കന്‍ നടപടി.
കാശ്മീരില്‍ അടക്കം സംഘടന നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അമേരിക്കന്‍ നടപടി. ഭീകരാക്രമണങ്ങള്‍ നടത്താന്‍ കഴിയുന്ന തരത്തിലുള്ള സഹായങ്ങള്‍ അമേരിക്കന്‍ നടപടിയാല്‍ ഹിസ്ബുളിന് നിഷേധിക്കപ്പെടും എന്നാണ് പുതിയ നീക്കത്തെക്കുറിച്ച് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പറയുന്നത്.
ഇതേ സമയം അമേരിക്കന്‍ പരിധിയില്‍ വരുന്ന ഹിസ്ബുള്‍ ബന്ധമുള്ള സ്വത്തുക്കള്‍ എല്ലാം ഇനി അമേരിക്കന്‍ സര്‍ക്കാറിന് തടയാം. അതേ സമയം അമേരിക്കന്‍ നീക്കം പാകിസ്ഥാന് വലിയ തിരിച്ചടിയാണ്. കാശ്മീര്‍ ജനതയുടെ ശബ്ദം എന്നാണ് ഹിസ്ബുളിനെ പാക് സര്‍ക്കാര്‍ മുന്‍പ് വിശേഷിപ്പിച്ചത്.
ഹിസ്ബുള്‍ കമാന്‍ററായ ബുര്‍ഹാന്‍ വാണിയെ ഇന്ത്യന്‍ സൈന്യം 2016 ജൂലൈയില്‍ വധിച്ചപ്പോള്‍, വാണി രക്തസാക്ഷിയാണെന്നാണ് പാകിസ്ഥാന്‍റെ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രതികരിച്ച്. ഇത്തരത്തിലുള്ള പ്രതികരണം തന്നെയാണ് പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്വ പറഞ്ഞത്.
1989ലാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സ്ഥാപിതമായത്. പാക് അധിനിവേശ കാശ്മീരില്‍ ആസ്ഥാനമുള്ള ഈ തീവ്രവാദി ഗ്രൂപ്പ് കാഴ്മീരിലെ ഏറ്റവും വലിയ സായുധ തീവ്രവാദി ഗ്രൂപ്പാണ്.
