വാഷിംഗ്ടണ്‍: അഭയാര്‍ത്ഥികളെ വിലക്കുന്നതിനായി അമേരിക്ക നടപ്പാക്കിയ പദ്ധതി മുസ്ലീം നിരോധനമല്ലെന്ന് ട്രംപ് സര്‍ക്കാര്‍. നിരോധനമേര്‍പ്പെടുത്തിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കൂടുതല്‍ സുരക്ഷാ പരിശോധനയ്‌ക്ക് ശേഷം വിസ നല്‍കുമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു.

സിറിയന്‍ അഭയാര്‍ത്ഥികളെ വിലക്കിക്കൊണ്ടും 120 ദിവസത്തേക്ക് മുസ്ലീം ഭൂരിപക്ഷമുള്ള ഏഴു രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് യാത്രാ നിരോധനമേര്‍പ്പെടുത്തിയും ഇറക്കിയ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നതിനിടെയാണ് സര്‍ക്കാരിന്റെ പ്രതികരണം. ട്രംപിന്‍റെ ഉത്തരവ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു.നിരോധനം നിലവിൽ വന്നതിന്​ ശേഷം എകദേശം 200 പേരെങ്കിലും അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളിൽ എത്തിയെന്നാണ്​ അമേരിക്കൻ സിവിൽ ലിബർട്ടീസ്​യൂണിയന്റെ കണക്ക്.

ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് 120 ദിവസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിറിയയിൽ നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കി. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്നും വിലക്കുന്നതാണ് ട്രംപിന്റെ ഉത്തരവ്.