പതിനാല് വര്‍ഷമായി വിചാരണ കൂടാതെ ഗ്വാണ്ടനാമോയിലെ തടവറയിലടക്കപ്പെട്ട പതിനഞ്ച് പേരാണ് യാതനകള്‍ക്കൊടുവില്‍ ജയില്‍ മോചിതരായത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇടപെടലാണ് ഇവരുടെ മോചനത്തിന് വഴിയൊരുക്കിയത്. അടുത്ത വര്‍ഷം സ്ഥാനമൊഴിയുന്നതിന് മുമ്പ് ക്യൂബയിലെ ഗ്വാണ്ടനാമോ ജയില്‍ അടച്ചു പൂട്ടുമെന്ന് ഒബാമ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് 12 യമനികളും മൂന്നു അഫ്ഗാന്‍ പൗരന്മാരുമുള്‍പ്പെടെ 15 പേരെ അമേരിക്ക യുഎഇക്ക് കൈമാറിയത്. ഇതോടെ ഗ്വാണ്ടനാമോയിലെ അവശേഷിച്ച തടവുകാരുടെ എണ്ണം 61 ആയി. ഒരു ദശകത്തിലേറെയായി കുറ്റപത്രമോ വിചാരണയോ കൂടാതെ തടവില്‍ കഴിയുന്നവരാണ് ഗ്വാണ്ടനാമോ ജയിലിലുള്ള ഭൂരിഭാഗം പേരും. 2001 സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം പ്രസിഡന്റ് ജോര്‍ജ് ബുഷ് ആരംഭിച്ച ജയിലില്‍ 780 പേരാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്.

ഗ്വാണ്ടനാമോയില്‍ തടവറ തുടരുന്നത് ഇതര രാജ്യങ്ങളുമായുള്ള അമേരിക്കയുടെ നല്ല ബന്ധത്തിന് തടസ്സം സൃഷ്ടിക്കുന്നതായി ഒബാമ ഭരണകൂടം വിലയിരുത്തിയിരുന്നു. എന്നാല്‍ ഒബാമയുടെ നീക്കത്തിന് യു എസ് കോണ്‍ഗ്രസ് പിന്തുണ നല്‍കിയിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗ്വാണ്ടനാമോയിലെ തടവറകള്‍ അഴിമതിക്കാരെ കൊണ്ടു നിറക്കുമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണള്‍ഡ് ട്രംപിന്റെ നിലപാട്.