തിരുവനന്തപുരം: കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമേരിക്കന്‍ സ്വദേശി മരിയോ സപ്പോട്ടോ (37) പൂര്‍ണമായും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന യുവാവ് 24 മണിക്കൂര്‍ കൂടി നിരീക്ഷണത്തിലായിരിക്കും. യുവാവിന് ബോധമുണ്ട്. സംസാരിക്കാനും ബുദ്ധിമുട്ടില്ല.

ശനിയാഴ്ച അര്‍ധരാത്രി 12.50നാണ് മരിയോയെ അമൃതാനന്ദമയി മഠത്തില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയില്‍ ശരീരത്തില്‍ ക്ഷതമേറ്റിറ്റുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെ മറ്റ് പരിശോധനകള്‍ക്കായും വിദഗ്ധ ചികിത്സയ്ക്കായും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിസിന്‍, സര്‍ജറി, ന്യൂറോസര്‍ജറി, സൈക്യാട്രി എന്നീ വിഭാഗങ്ങളുടെ മേല്‍നോട്ടത്തിലാണ് ചികിത്സ നല്‍കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അമൃതാനന്ദമയി ആശ്രമത്തില്‍വെച്ച് ഗുരുതരമായി പരിക്കേറ്റ ബീഹാര്‍ സ്വദേശിയായ സത്നാം സിങ് പിന്നീട് മരണപ്പെട്ടിരുന്നു. സത്നാം സിങിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പിന്നീട് അമൃതാനന്ദമയി മഠവും അധികൃതരും പറഞ്ഞിരുന്നു.