ന്യൂയോര്‍ക്ക്: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ജോലി ആവശ്യാര്‍ത്ഥം അമേരിക്കയില്‍ താമസിക്കുന്നവര്‍ക്ക് തിരിച്ചടിയായി ട്രംപ് ഭരണകൂടത്തിന്റെ അടുത്ത നീക്കം. എച്ച് 1ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ ഭാര്യക്കോ ഭര്‍ത്താവിനോ അമേരിക്കയില്‍ ജോലി ചെയ്യാനുള്ള അനുമതി എടുത്തുകളയാനാണ് നീക്കം നടക്കുന്നത്. നേരത്തെ ഒബാമയുടെ കാലത്ത് കൊണ്ടുവന്ന അനുമതി റദ്ദാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.

നിലവില്‍ എച്ച്1ബി വിസ എടുത്ത് അമേരിക്കയില്‍ ജോലി ചെയ്യുന്നവരുടെ ഭാര്യയോ ഭര്‍ത്താവോ എച്ച്4 വിസയില്‍ അമേരിക്കയിലെത്തിയാല്‍, ഇവരില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് ജോലി ചെയ്യാനാകും. 2015ലാണ് ഒബാമ ഭരണകൂടം ഇതിന് അനുമതി നല്‍കിയത്. ആയിരക്കണക്കിന് വിദേശികള്‍ ഇത്തരത്തില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നുണ്ട്. അമേരിക്കന്‍ പൗരന്‍മാര്‍ക്ക് രാജ്യത്ത് പ്രാഥമ പരിഗണന നല്‍കാനെന്ന പേരില്‍ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഐ.ടി മേഖലയില്‍ നിന്നടക്കമുള്ളവര്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നത് എച്ച്1ബി വിസയിലാണ്.