കാബൂള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കര്‍ശന സ്വരത്തില്‍ പറഞ്ഞിട്ടും തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്നത് പാകിസ്താന്‍ അവസാനിപ്പിച്ചില്ലെന്ന് യുഎസ് സൈനിക ജനറല്‍ ജോണ്‍ നിക്കോള്‍സണ്‍.

അഫ്ഗാനിസ്ഥാനില്‍ നിരന്തരം ആക്രമണം അഴിച്ചു വിടുന്ന താലിബാന്‍, ഹഖാനി ശൃഖംലകള്‍ക്ക് പാകിസ്താനില്‍ സുരക്ഷിത താവളമുള്ളതില്‍ അമേരിക്കന്‍ സൈന്യം നേരത്തെ തന്ന അതൃപ്തരാണ്. പാകിസ്താനില്‍ സുരക്ഷിത താവളമൊരുക്കിയ ശേഷമാണ് തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനില്‍ കടന്ന് ആക്രമണം നടത്തുന്നതെന്നാണ് യുഎസ് സൈന്യം പറയുന്നത്.

സൈന്യത്തിന്റെ ഈ അമര്‍ഷം പരസ്യമാക്കും വിധമാണ് കഴിഞ്ഞ ആഗസ്റ്റില്‍ പാകിസ്താനെതിരെ കര്‍ശനസ്വരത്തില്‍ യുഎസ് പ്രസിഡന്റ് ട്രംപ് സംസാരിച്ചത്. അഫ്ഗാന്‍ തീവ്രവാദികള്‍ക്ക് പാകിസ്താന്‍ സുരക്ഷിത താവളമൊരുക്കുകയാണെന്ന് അന്ന് ട്രംപ് തുറന്നടിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പാകിസ്താന്‍ കാര്യമായി എടുത്ത മട്ടില്ലെന്നാണ് അഫ്ഗാനിസ്ഥാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥനായ ജനറല്‍ ജോണ്‍ നിക്കോള്‍സന്‍ പറയുന്നത്. 

പാകിസ്താനികളോട് ഞങ്ങള്‍ക്ക് നേര വാ നേര പോ നയമാണ്. നിലവിലെ സ്ഥിതിയില്‍ എന്തെങ്കിലും മാറ്റം പാകിസ്താന്‍ വരുത്തിയതായി ഞങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നില്ല.... നിക്കോള്‍സണ്‍ പറയുന്നു. താലിബന്റെ സീനിയര്‍ നേതാക്കളെല്ലാം പാകിസ്താനിലാണുള്ളതെന്നും താഴെത്തട്ടിലുള്ളവരാണ് അഫ്ഗാനിസ്ഥാനില്‍ അക്രമം അഴിച്ചു വിടുന്നതെന്നും പറഞ്ഞ ജനറല്‍ നിക്കോള്‍സണ്‍ പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് ഹഖാനി തീവ്രവാദി ശൃംഖലയുമായി ബന്ധമുണ്ടെന്നും പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ ദക്ഷിണേഷ്യ നയത്തിന്റെ ഭാഗമായി 3000 സൈനികരെ കൂടി അമേരിക്ക ഈ വര്‍ഷം അഫ്ഗാനിസ്ഥാനിലേക്ക് അയച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ താലിബാന്‍ തങ്ങളുടെ സ്വാധീനമേഖലയുടെ വ്യാപ്തി കാര്യമായി വര്‍ധിപ്പിച്ചെന്നാണ് യുഎസ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പറയുന്നത്.