വാഷിംഗ് ടണ്‍: മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവരെ അമേരിക്കയിൽ പ്രവേശിപ്പിക്കേണ്ടെന്ന ഡോണൾഡ് ട്രംപിന്റെ ഉത്തരവ് നടപ്പാക്കുന്നത് യു എസ് ഭരണകൂടം താൽക്കാലികമായി നിർത്തി. ഉത്തരവ് ഫെഡറൽ ജഡ്ജി കഴിഞ്ഞ ദിവസം മരവിപ്പിച്ചതിനെത്തുടർന്ന് റദ്ദാക്കിയ അറുപതിനായിരത്തോളം വിസകൾ യു എസ് പുനസ്ഥാപിച്ചു. എന്നാൽ ജഡ്ജിയെ അമേരിക്കൻ പ്രസിഡന്റ് നിശിതമായി വിമർശിച്ചു.

ഇറാൻ ഇറാഖ് സിറിയ ലിബിയ സൊമാലിയ സുഡാൻ യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെയാമ് ഡോണൾഡ് ട്രംപ് വിലക്കിയത്. യു എസ് റെഫ്യൂജി അഡ്മിഷൻ പദ്ധതിയും 120 ദിവസത്തേക്ക് നിർത്തി വച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഫെഡറൽ ജഡ്‍ജി ജെയിംസ് റോബാർഡ് ട്രംപിന്റെ ഉത്തരവ് മരവിപ്പിച്ചത്. ഇതോടെ റദ്ദാക്കിയ ആയിരക്കണക്കിന് വിസകൾ യു എസ് പുനസ്ഥാപിച്ചു തുടങ്ങി.

വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ളവരെ അമേരിക്കയിലേക്ക് കൊണ്ടുവരാമെന്ന് അധികൃതർ വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ തന്റെ ഉത്തരവ് മരവിപ്പിച്ച ജഡ്‍ജിയുടെ നടപടിയെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെ രൂക്ഷമായി വിമർശിച്ചു. അമേരിക്കയുടെ സുരക്ഷയെക്കരുതിയെടുത്ത നടപടി തടുത്തത് ശരിയായില്ലെന്ന് പറഞ്ഞ ട്രംപ് ജഡ്‍ജിയുടെ നടപടിയെ അപലപനീയമെന്നാണ് വിശേഷിപ്പിച്ചത്.

എന്നാല്‍ ഭരണകൂടത്തിന് തന്റെ തീരുമാനത്തെ നിയമപരമായി നേരിടാമെന്നാണ് ജഡ്‍ജിയുടെ പക്ഷം. വിവിധ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ യാത്രക്കാർ യു എസിന്റെ പുതിയ നടപടിയെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.