മോസ്കോ: റഷ്യയ്‌ക്കെതിരായ അമേരിക്കന്‍ നീക്കങ്ങളില്‍ പ്രതിഷേധിച്ച് 755 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കി.സെപ്റ്റംബര്‍ ഒന്നിനകം പുറത്താക്കിയവര്‍ രാജ്യം വിടണമെന്ന് റഷ്യ നിര്‍ദ്ദേശം നല്‍കി.

റഷ്യയ്‌ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഉള്‍പ്പടെയുള്ള നടപടികളുമായി അമേരിക്ക മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുച്ചിന്‍ വ്യക്തമാക്കി. റഷ്യയിലുള്ള യുഎസ് നയതന്ത്രജ്ഞരുടെ എണ്ണം 455 ആയി പരിമിതപ്പെടുത്തണമെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം വെള്ളിയാഴ്ച അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.

മോസ്കോയിൽ യുഎസ് നയതന്ത്രപ്രതിനിധികളുടെ ഉപയോഗത്തിലുണ്ടായിരുന്ന ഒരു ഡാച്ചായും (ആഡംബര വസതി) ഒരു വെയർഹൗസും റഷ്യൻ അധികൃതർ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ട്രംപ് അധികാരത്തിലെത്തിയ ശേഷം റഷ്യയുമായുള്ള ബന്ധത്തില്‍ പുരോഗതിയുണ്ടായിരുന്നു. കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള യു എസ് സെനറ്റ് തീരുമാനത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്.റഷ്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് പുതിയ സംഭവങ്ങള്‍ വെല്ലുവിളിയാണ്. സെനറ്റ് പാസാക്കിയ ബില്ലില്‍ പ്രസിഡന്‍റ് ഒപ്പിടുമോയെന്ന് വ്യക്തമല്ല.