മോസ്കോ: സിറിയയിലെ വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്ന് നാല് ദിവസം പിന്നിടുമ്പോള്‍ അമേരിക്കയും റഷ്യയും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. തീവ്രവാദികളോട് അമേരിക്ക കൂടുതല്‍ അകലം പാലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. അതേസമയം ചിലയിടങ്ങളില്‍ സിറിയന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും റിപ്പോര്‍ട്ടുണ്ട്.

തീവ്രവാദികളോട് അമേരിക്ക കൂടുതല്‍ അകലം പാലിച്ചില്ലെങ്കില്‍ വ്യോമാക്രമണം വീണ്ടും തുടങ്ങുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അലപ്പോയടക്കമുള്ള പ്രദേശങ്ങളില്‍ മാനുഷിക സഹായം നല്‍കാന്‍ വൈകുന്നത് അംഗീകരിക്കാനാകില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ധാരണ പ്രകാരം വെടിനിര്‍ത്തല്‍ ഒരാഴ്ച പിന്നിട്ടാല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെയും മറ്റ് തീവ്രവാദ സംഘങ്ങളുടെയും ശക്തി കേന്ദ്രങ്ങളില്‍ അമേരിക്കയും റഷ്യയും സംയുക്ത ആക്രമണം നടത്തേണ്ടതാണ്.

എന്നാല്‍അടിയന്തര സഹായം നല്‍കുന്നത് വൈകുകയാണെങ്കില്‍ സംയുക്ത ആക്രമണം നടത്താനാകില്ലെന്ന് അമേരിക്കന്‍സ്റ്റേ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറി റഷ്യയെ അറിയിച്ചു. അലപ്പോയില്‍ ദുരിത ബാധിതര്‍ക്ക് സാഹയം നല്‍കാന്‍ സിറിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ സംഘം കുറ്റപ്പെടുത്തി. ഭക്ഷണവും മരുന്നുമില്ലാതെ രണ്ടരലക്ഷത്തോളം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നാണ് യു എന്‍കണക്ക്. അതേസമയം ചില പ്രദേശങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് സിറിയന്‍ സൈന്യം വിമതര്‍ക്ക് നേരെ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.