2017ൽ 82 സീറ്റുകൾ ഫട്നാവിസിന്റെ നേതൃത്വത്തിൽ 90 സീറ്റുകൾ പിന്നിടാൻ സാധിച്ചത് മുഖ്യമന്ത്രിയെന്ന നിലയിൽ ഫട്നാവിസിന് കൂടുതൽ പ്രാധാന്യം നൽകുന്ന നേട്ടമാണ്
മുംബൈ: രാജ്യത്തെ ഏറ്റവും സമ്പത്തുള്ള മുൻസിപ്പൽ കോർപ്പറേഷനിൽ 28 വർഷം പഴക്കമുള്ള താക്കറേ ആധിപത്യത്തിന് അവസാനം. ബിജെപി- ശിവ സേന(ഷിൻഡെ) വിഭാഗത്തിന് മേയർ പദവി ലഭിക്കുന്നത് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ്. മുംബൈയിലെ മിന്നുന്ന നേട്ടത്തോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വീണ്ടും അപ്രമാദിത്വം തെളിയിക്കുകയാണ്. 2017ൽ 82 സീറ്റുകൾ ഫട്നാവിസിന്റെ നേതൃത്വത്തിൽ 90 സീറ്റുകൾ പിന്നിടാൻ സാധിച്ചത് മുഖ്യമന്ത്രിയെന്ന നിലയിൽ ഫട്നാവിസിന് കൂടുതൽ പ്രാധാന്യം നൽകുന്ന നേട്ടമാണ്. ശിവസേനയുമായുള്ള സഖ്യം ബിജെപിയെ 144 സീറ്റെന്ന ലക്ഷ്യത്തിലേക്ക് നിഷ്പ്രയാസം എത്തിക്കുമെന്നാണ് നിലവിലെ വിലയിരുത്തലുകൾ. 2017ൽ 84 സീറ്റുകൾ നേടിയ താക്കറേ വിഭാഗം നിലവിൽ 63 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ദീർഘകാലമായി എതിർ ചേരിയിലായിരുന്ന രാജ് താക്കറേയുമായി സഖ്യത്തിലായ നീക്കമാണ് ഉദ്ധവ് താക്കറേയ്ക്ക് തിരിച്ചടിയായത്. എങ്കിലും 2022ലെ പിളർപ്പിൽ പ്രധാന നേതാക്കളെ അടക്കം നഷ്ടമായ ശേഷവും സുപ്രധാനമായ പല വാർഡുകളും ഉദ്ധവ് താക്കറേയ്ക്ക് തിരിച്ച് പിടിക്കാനായിട്ടുണ്ട്.
ഭരണം പോയെങ്കിലും തിളക്കം കുറയാതെ ഉദ്ധവ് താക്കറേ, മങ്ങി ഷിൻഡേ ക്യാംപ്
മുംബൈ നഗരത്തിന്റെ ഭരണം നഷ്ടമായെങ്കിലും ശക്തമായ പോരാട്ടം മഹായുതിയോട് കാഴ്ച വയ്ക്കാനും ഉദ്ധവ് താക്കറേയ്ക്ക് ആയത് ശ്രദ്ധേയമായിട്ടുണ്ട്.പരമ്പരാഗത സേനാ വോട്ടുകൾ ഉദ്ധവിനൊപ്പം നിന്നതായാണ് വോട്ടെണ്ണൽ വ്യക്തമാക്കുന്നത്. ബിജെപി ശിവസേന സഖ്യത്തിന് കേവല ഭൂരിപക്ഷമായ 114 എത്താനായെങ്കിലും ഏക്നാഥ് ഷിൻഡേയ്ക്ക് പിന്തുണ നഷ്ടമായ കാഴ്ചകൾ മുംബൈയെ കുറിച്ച് പുതിയ ചോദ്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. മഹായുതിയിൽ ബിജെപിയുടെ അപ്രമാദിത്വം തെളിയിക്കുന്നതായിരുന്നു ബിഎംസി തെരഞ്ഞെടുപ്പ്. 2022ലെ പൊട്ടിത്തെറിയിൽ സുപ്രധാന നേതാക്കൾ നഷ്ടമായിട്ട് കൂടിയും ശിവസേനയുടെ യഥാർത്ഥ നേതാവാകാൻ ഉദ്ധവിന് സാധിച്ചത് ഷിൻഡേ ക്യാംപിന് തിരിച്ചടിയാണ്.


