വാഷിങ്ടണ്‍: വടക്കന്‍ കൊറിയയുമായി സംഘര്‍ഷ സാഹചര്യം നില നില്‍ക്കെ വൈറ്റ് ഹൗസില്‍ നാളെ അമേരിക്കന്‍ സെനറ്റര്‍മാരുടെ അടിയന്തര യോഗം വിളിച്ചു. തികച്ചും അസാധാരണമായ നടപടിയെ ഏറെ ഗൗരവത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

തങ്ങളുടെ രാജ്യാതിര്‍ത്തിക്ക് സമീപത്തേക്കുള്ള അമേരിക്കന്‍ പടക്കപ്പലിന്റെ വരവ് പ്രകോപനമായി കണക്കാക്കുമെന്നും ആവശ്യമെങ്കില്‍ സ്വയരക്ഷയ്ക്കായി ആദ്യം ആക്രമണം നടത്തുമെന്നും ഉത്തര കൊറിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആണവാക്രമണത്തിന് വരെ തയ്യാറാണെന്ന കൊറിയന്‍ വെല്ലുവിളിക്ക് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. സെനറ്റ് അംഗങ്ങളെ കൂടാതെ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. നിലവിലെ സ്ഥിതി വിവരങ്ങള്‍ സെനറ്റര്‍മോരെ ബോധ്യപ്പെടുത്തി അവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോവാനാണ് ട്രംപിന്റെ നീക്കം. അതുകൊണ്ടു തന്നെ ഈ യോഗത്തില്‍ വൈറ്റ്ഹൗസ് എന്താണ് പറയുന്നത് എന്നതും നിര്‍ണ്ണായകമാണ്. സാധാരണ ഗതിയില്‍ അവശ്യ ഘട്ടങ്ങളില്‍ വൈറ്റ് ഹൗസ് അധികൃതര്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ചെന്ന് സാമാജികരുമായി ആശയവിനിമയം നടത്താറുണ്ട്. എന്നാല്‍ വൈറ്റ് ഹൗസില്‍ യോഗം വിളിക്കുന്നത് അസാധാരണ സംഭവമാണ്. അതുകൊണ്ടു തന്നെ നാളെ നടക്കാനിരിക്കുന്ന യോഗത്തെ ഏറെ ഗൗരവത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. ഇതിന് തൊട്ടു മുമ്പായി റെക്‌സ് ടില്ലേഴ്‌സണ്‍ ഇന്നലെ ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതി അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. രക്ഷാ സമിതിയുടെ പിന്തുണ ആവസ്യപ്പട്ട ടില്ലേഴസണ്‍, ഉത്തര കൊറിയയുടെ നിരന്തര പ്രകോപനം ഇനി കണ്ടില്ലെന്ന് നടക്കാനാവില്ലെന്നും അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വരും മണിക്കൂറികളിലെ അമേരിക്കയുടെയും ഉത്തര കൊറിയയുടെയും നീക്കങ്ങളെ ലോകം ആശങ്കയോടെയാണ് നോക്കുന്നത്.