വാഷിങ്ടണ്‍: സിറിയയില്‍ അമേരിക്ക സൈനിക നടപടി തുടങ്ങി. സിറിയയിലെ രാസായുധ പ്രയോഗത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അമേരിക്ക സൈനിക നടപടി തുടങ്ങിയത്. സിറിയയുടെ ഭാവിയില്‍ ബാഷര്‍ അല്‍ അസദിന് പങ്കുണ്ടാവില്ലെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടെല്ലര്‍സണ്‍ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് സിറിയയില്‍ ആക്രമണങ്ങള്‍ തുടരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാസായുധം പ്രയോഗിച്ചുള്ള ആക്രമണത്തില്‍ കടുത്ത അതൃപ്തിയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നടപടി വൈകുന്നത് അമേരിക്കയുടെ പ്രതിച്ഛായയെക്കൂടി ബാധിക്കുമെന്നതിനാല്‍ കൃത്യ സമയത്തിനുള്ള അക്രമണത്തിനാണ് അമേരിക്ക തുടക്കമിട്ടത്. രാസപദാര്‍ത്ഥമായ സരിന്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ നിഗമനം. ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ 27 കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്.