പാകിസ്ഥാനിലെ ഭീകരവാദ ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അവിടുത്തെ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും, ചാരസംഘടനയായ ഐ എസ് ഐ, ഭീകരരെ സഹായിക്കുന്നതായും അമേരിക്ക കുറ്റപ്പെടുത്തി. വാഷിങ്ടണില്‍ ആക്‌ടിങ് അണ്ടര്‍ സെക്രട്ടറി ആദം സുബിനാണ് പാകിസ്ഥാന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഭീകരരെ ഇല്ലാതാക്കാന്‍വേണ്ടി പാകിസ്ഥാന് എന്തുതരം സഹായം നല്‍കാനും അമേരിക്ക തയ്യാറാണ്. എന്നാല്‍ ഇതിന് മുന്‍കൈ എടുക്കേണ്ടത് പാക് സര്‍ക്കാരാണ്. യോജിച്ച ഇടപെടലിലൂടെ മാത്രമെ, പാകിസ്ഥാനിലെ ഭീകരവാദസംഘങ്ങളെ അമര്‍ച്ച ചെയ്യാനാകുവെന്നും ആദം സുബിന്‍ പറഞ്ഞു. അതേസമയം ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്‍ തുടര്‍ന്നും അമേരിക്കയുടെ പങ്കാളി ആയിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.