ന്യൂയോര്‍ക്ക്: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും പിന്മാറുമെന്ന സൂചന നല്‍കി അമേരിക്ക. കൗണ്‍സിലിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും തങ്ങളുടെ മുഖ്യ സഖ്യകക്ഷിയായ ഇസ്രയേലിനെതിരായ ഏകപക്ഷീയ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ യുഎന്നിനുള്ള ധനസഹായം അവസാനിപ്പിക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. പാരീസ് ഉടമ്പടിയെ ചൊല്ലി അമേരിക്ക യുഎന്‍ ബന്ധം വഷളായതിന് പിന്നാലെയാണ് യുഎസിന്‍റെ പുതിയ നീക്കം. 

പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള നീക്കത്തെ ചൊല്ലി യുഎനും യുഎസും നേര്‍ക്കുനേര്‍ നേര്‍ വന്നതിന് പിന്നാലെയാണ് അമേരിക്ക വീണ്ടും നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇസ്രയേലിനെതിരായ നിലപാടുകള്‍ തിരുത്താന്‍ തയ്യാറാകാത്ത പക്ഷം യുഎന്‍റെ മനുഷ്യാവകാശ കൗണ്‍സില്‍ വിടാന്‍ മടിയ്ക്കില്ലെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. 

അമേരിക്കയുടെ എതിര്‍പ്പ് വകവയ്ക്കാതെ ഇസ്രയേലിനെതിരായി കൗണ്‍സില്‍ നേരത്തെ അഞ്ച് പ്രമേയങ്ങള്‍ പാസ്സാക്കിയിരുന്നു. ഇത് ഏകപക്ഷീയമായ നടപടി ആണെന്നാണ് അമേരിക്കയുടെ വാദം. മാത്രമല്ല ഇസ്രേയേലിനെതിരെ പ്രമേയങ്ങള്‍ പാസ്സാക്കുന്ന യുഎന്‍ ഇറാനിലേയും വെനിസ്വലയിലെയും മനുഷ്യാവകാശ ധ്വംസനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും യുഎനിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹെയ്‍ലി വ്യക്തമാക്കുന്നു. 

ഈ നിലപാട് മാറ്റാന്‍ തയ്യാറാകാത്ത പക്ഷം യുഎന്‍ മനുഷ്യാവകാശ വിഭാഗം വിടാന്‍ മടിയ്ക്കില്ലെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ഹെയ്‍‍ലിയുടെ മുന്നറിയിപ്പ്. ഒപ്പം കൗണ്‍സിലിനുള്ള ധനസഹായം റദ്ദാക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും ഹെയ്‍ലി വ്യക്തമാക്കി. നേരത്തെ പ്രസിഡന്‍റ് ജോര്‍ജ് ഡബ്യൂ ബുഷിന്‍റെ കാലത്ത് അമേരിക്ക യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും പിന്മാറിയിരുന്നു. 

പിന്നീട് ബരാക് ഒബാമ അധികാരത്തിലേറിയ ശേഷമാണ് വീണ്ടും സഹകരിക്കാന്‍ തുടങ്ങിയത്. അമേരിക്ക ഉള്‍പ്പെടെ 47 അംഗങ്ങളാണ് നിലവില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലുള്ളത്.