ഫിനിക്സ്: അമേരിക്കയിൽ 14 വര്‍ഷമായി കോമയില്‍ കിടന്ന യുവതി ആൺകുട്ടിക്ക് ജന്മം നൽകി. അമേരിക്കയിലെ അരിസോണയിലെ ഹസിയെന്‍ഡ ഹെല്‍ത്ത് കെയര്‍ കേന്ദ്രത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. യുവതി ലൈംഗിക പീഡനത്തിനിരയായത് സംബന്ധിച്ച് ഫീനിക്സ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
   
യുവതി പ്രസവിക്കുന്നത് വരെ പരിചരിച്ചിരുന്നവര്‍ ഇവര്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. പ്രസവസമയത്ത് യുവതിയുടെ ഞരക്കവും മൂളലും കേട്ടപ്പോഴാണ് പ്രസവവേദനയാണെന്ന് നഴ്‌സ് തിരിച്ചറിഞ്ഞതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഡിസംബർ 29നാണ് കുഞ്ഞ് ജനിച്ചത്. അതേസമയം, യുവതി ഗർഭിണിയാണെന്ന് 9 മാസവും അവരെ പരിചരിച്ചിരുന്ന ജീവനക്കാർ തിരിച്ചറിഞ്ഞില്ലെന്നത് ആരോഗ്യകേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  

അപകടത്തിൽ തലക്കേറ്റ മാരകമായ ക്ഷതത്തെ തുടർ‌ന്നാണ് യുവതി കോമയിലായത്. 24 മണിക്കൂറും പരിചരണം വേണ്ടിയിരുന്ന യുവതിയെ പരിചരിക്കുന്നതിനായി ആശുപത്രിയി ജീവനക്കാർ നിരന്തരം യുവതിയുടെ മുറിയിൽ പ്രവേശിക്കാറുണ്ട്. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.  

ഹസിയെന്‍ഡ് ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ നേരത്തേയും രോഗികള്‍ പീഡനത്തിന് ഇരയായിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങളെ തുടര്‍ന്ന് 2013ല്‍ ആശുപത്രിക്ക് മെഡിക്കല്‍ ഫണ്ട് നിഷേധിക്കുകയും ചെയ്തിരുന്നു. ​രോ​ഗികളോട് അപമര്യാ​ദയായി പെരുമാറിയതിനെ തുടർന്ന് ജീവനക്കാരനെ ആശുപത്രിയിൽനിന്ന് പുറത്താക്കിയിരുന്നു.