വിര്‍ജീനിയ: അമേരിക്കയില്‍ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ബെഥാനി ലിന്‍ സ്റ്റീഫന്റെ (22) മരണത്തില്‍ ചുരുള്‍ അഴിച്ച് അന്വേഷണ സംഘം. ബെഥാനിയെ വളര്‍ത്തുനായ്ക്കല്‍ കടിച്ചുകൊന്നതാണെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തി. ഇവര്‍ വളര്‍ത്തിയിരുന്ന പിറ്റ്ബുള്‍ ഇനത്തില്‍പെട്ട രണ്ട് നായ്ക്കളാണ് ആക്രമിച്ചത്. വീടിനു പുറത്ത് നായ്ക്കളുമായി സവാരിക്ക് പോകുമ്പോഴായിരുന്നു സംഭവം.

തിങ്കളാഴ്ചയാണ് ഗൂച്‌ലാന്‍ഡ് കൗണ്ടി പോലീസ് മേധാവി ജിം ആഗ്ന്യൂ ആണ് മരണകാരണം പുറത്തുവിട്ടത്. ഇതിനും നാലു ദിവസം മുന്‍പാണ് ബെഥാനിയുടെ മൃതദേഹം ഒരു കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. ഇവരെ ആരോ ആപായപ്പെടുത്തിയതാണെന്നും ഇതുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളും നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. 

ബെഥാനിയെ ആരോ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി എന്നായിരുന്നു പ്രചാരം നടന്നിരുന്നത്. എന്നാല്‍ അത്തരത്തില്‍ ഒന്നും നടന്നിട്ടില്ലെന്നൂം അതിനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ബെഥാനിയെ കടിച്ചുകൊന്ന ശേഷം നായ്ക്കള്‍ അവളുടെ നെഞ്ചുംകൂട് ഭക്ഷിച്ചതായും പോലീസ് പറയുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ബെഥാനി പിന്നീടായിരിക്കാം മരിച്ചതെന്നും ഇവര്‍ പറയുന്നു. ബെഥാനിയെ തേടിയുള്ള അന്വേഷണത്തിനിടെ വനത്തിനുള്ളില്‍ നിന്ന് ഈ നായക്ക്‌ളെ ബെഥാനിയുടെ പിതാവാണ് വെള്ളിയാഴ്ച കണ്ടെത്തിയത്. 

അതേസമയം, പോലീസിന്‍റെ വാദങ്ങള്‍ അതേപടി വിഴുങ്ങാന്‍ കഴിയില്ലെന്നാണ് ബെഥാനിയുടെ സുഹൃത്തുക്കള്‍ പറയുന്നത്. ബെഥാനി ഈ നായ്ക്കളെ വളരെ ചെറുപ്പത്തില്‍ തന്നെ എടുത്തുവളര്‍ത്തുന്നതാണ്. ഈ നായ്ക്കളെ വളരെ സൗമ്യരായിരുന്നുവെന്നും അവര്‍ പറയുന്നു.