ആഗ്ര, ജയ്പൂര്‍ എന്നിവടങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന് മുന്നോടിയായാണ് യുവതി, ദില്ലിയിലെ ഹോട്ടലില്‍ മുറിയെടുത്തത്. യാത്രാ സംഘത്തിലുണ്ടായിരുന്ന മൂന്നു പേര്‍ അടക്കം അഞ്ച് പേര്‍ മയക്കുമരുന്ന് നല്‍കിയ ശേഷം രണ്ട് ദിവസം തന്നെ മയക്കിക്കിടത്തി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. മയക്കത്തില്‍ നിന്ന് മുക്തയായ ശേഷവും എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. ശരീരത്തിലുടനീളം മുറിവുകളും പാടുകളുമുണ്ടായിരുന്നു. തുടര്‍ യാത്രയിലും തനിക്ക് പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് ഏപ്രില്‍ പകുതിയോടെ അമേരിക്കയിലേക്ക് തിരിച്ചു പോയി.

നാട്ടിലെത്തിയ ശേഷമാണ് എന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസിലായതെന്ന് യുവതി പറയുന്നു. ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയിട്ടപ്പോള്‍ തന്നെ സുഹൃത്തുക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തുടര്‍ന്ന് ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെ ദില്ലി പൊലീസില്‍ പരാതി നല്‍കി. മൊഴി രേഖപ്പെടുത്താനായാണ് കഴിഞ്ഞ ദിവസം വീണ്ടും ദില്ലിയിലെത്തിയത്. സംഭവത്തില്‍ ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.